ഡൽഹിയിൽ വിവാഹ വീട്ടിൽ കയറി ഭക്ഷണം ചോദിച്ച 17കാരനെ വെടിവെച്ചു കൊന്നു; സിഐഎസ്എഫ് കോൺസ്റ്റബിൾ അറസ്റ്റിൽ

ന്യൂ മോഡേൺ ഷഹ്ദാര ചേരിയിൽ നിന്നുള്ള 17കാരനെയാണ് കൊലപ്പെടുത്തിയത്

Update: 2025-12-01 14:25 GMT

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ഒരു വിവാഹച്ചടങ്ങിൽ ഭക്ഷണം ചോദിച്ചുവന്ന 17 വയസുകാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു. ചടങ്ങിൽ പങ്കെടുത്ത സിഐഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ മദൻ ഗോപാൽ തിവാരി എന്ന ഉദ്യോഗസ്ഥനാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ന്യൂ മോഡേൺ ഷഹ്ദാര ചേരിയിൽ നിന്നുള്ള 17കാരനെയാണ് കൊലപ്പെടുത്തിയത്. വിവാഹ വീട്ടിലെ വേദിയിലേക്ക് പ്രവേശിക്കാൻ അതിർത്തി മതിൽ ചാടികടന്നാണ് കുട്ടി എത്തിയതെന്ന് പൊലീസ് പറയുന്നു. 

'ഒരു പരിപാടി നടക്കുന്നത് കണ്ട കുട്ടി ഭക്ഷണം കഴിക്കാൻ വന്നതാണെന്ന് ഞങ്ങൾക്ക് മനസിലായി. മതിൽ ചാടിക്കടന്നാണ് കുട്ടിയെത്തിയത്. ആദ്യം ചില നാട്ടുകാർ അവനെ തടഞ്ഞു. സിഐഎസ്എഫ് ഹെഡ് കോൺസ്റ്റബിളും അവിടെയുണ്ടായിരുന്നു. കോപാകുലനായി അയാൾ തോക്കെടുത്ത് വെടിവച്ചു കൊന്നു.' ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

Advertising
Advertising

മാനസരോവർ പാർക്കിലെ ഡിഡിഎ മാർക്കറ്റിലെ കമ്യുണിറ്റി സെന്ററിന് സമീപമുള്ള വിവാഹ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ബഹളവും പരിക്കേറ്റ കുട്ടിയെയും കണ്ട ഒരു വഴിയാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ഷഹ്ദാര ജില്ലാ പൊലീസിൽ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി ഹെഡ്‌ഗേവാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

കാൺപൂരിൽ ജോലി ചെയ്യുന്ന മദൻ ഗോപാൽ തിവാരി ഡൽഹിയിലെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു പിസ്റ്റൾ കണ്ടെടുത്തതായും ഡിസിപി (ഷഹദാര) പ്രശാന്ത് ഗൗതം പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News