'ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാകുമോ?'; '19-മിനിറ്റ് വൈറല്‍ വീഡിയോ' കെണിയെക്കുറിച്ച് അറിയാം

ബംഗാളിൽനിന്നുള്ള ഒരു കണ്ടന്‍റ് ക്രിയേറ്ററായ യുവാവും സുഹൃത്തും വീഡിയോയിലുള്ളതെന്നായിരുന്നു പ്രധാന പ്രചാരണം

Update: 2025-12-10 04:31 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: കഴിഞ്ഞ ഒരാഴ്ചയിലേറെയായി 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സൈബർ സുരക്ഷാ വിദഗ്ധരും വീഡിയോയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നിവയുൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഉപയോക്താക്കൾ വീഡിയോ പങ്കിടാൻ തുടങ്ങിയതിനെത്തുടർന്ന് പൊലീസ് ഉൾപ്പെടെയുള്ളവര്‍ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 19 മിനിറ്റ് വീഡിയോ എന്ന പേരിൽ വൈറലായ വീഡിയോയുടെ ലിങ്ക് എന്ന പേരിലാണ് സൈബര്‍ തട്ടിപ്പുകാരുടെ ലിങ്കുകൾ പ്രചരിക്കുന്നത്.

Advertising
Advertising

ഇത്തരം ലിങ്കുകളില്‍ പ്രവേശിച്ചാല്‍ ഫോണിലെ വിവരങ്ങള്‍ ചോരുകയോ ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുകയോ ചെയ്യുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളായ എക്‌സിലും ഇന്‍സ്റ്റഗ്രാമിലും അടക്കം 19 മിനിറ്റ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് എന്ന പേരില്‍ പല ലിങ്കുകളും പ്രചരിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗാളിൽനിന്നുള്ള ഒരു കണ്ടന്‍റ് ക്രിയേറ്ററായ യുവാവും സുഹൃത്തും വീഡിയോയിലുള്ളതെന്നായിരുന്നു പ്രധാന പ്രചാരണം. കൂടാതെ, തങ്ങളുടെ ഫോണിൽ നിന്ന് ഒരു സുഹൃത്താണ് വീഡിയോ ചോർത്തി പ്രചരിപ്പിച്ചതെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. നവംബർ അവസാന വാരത്തിൽ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ക്ലിപ്പ് തൽക്ഷണം വൈറലാവുകയായിരുന്നു. പിന്നീട് ഈ വീഡിയോയുടെ ലിങ്ക് തിരഞ്ഞുകൊണ്ടുള്ള തിരച്ചിലായിരുന്നു.

അതിനിടെ 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ള പെണ്‍കുട്ടി ജീവനൊടുക്കിയെന്നും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇതാണ് തെറ്റാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് മേഘാലയയിൽനിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററായ പെൺകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടതോടെ, വീഡിയോയിലുള്ളത് താനല്ലെന്ന് വിശദീകരിച്ച് അവർ രംഗത്തെത്തി.

അതേസമയം, ഈ സ്വകാര്യ വീഡിയോയുടെ രണ്ടാംഭാഗവും മൂന്നാംഭാഗവും ഉണ്ടെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം ‘തുടർച്ചകൾ’ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളെന്ന പേരിലും നിരവധി വ്യാജ ലിങ്കുകളാണ് നിലവിൽ പ്രചരിക്കുന്നത്. ഉപയോക്താക്കൾ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ മാൽവെയർ അവരുടെ ഉപകരണങ്ങളിലേക്ക് രഹസ്യമായി ഡൗൺലോഡ് ചെയ്യപ്പെടുന്നു.ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ നിന്ന് ബാങ്ക് വിശദാംശങ്ങൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു മാൽവെയറാണിത്. ഇത് ഉപയോക്താവിന്റെ ഉപകരണത്തിൽ നിന്ന് രഹസ്യമായി വിശദാംശങ്ങൾ മോഷ്ടിക്കും, ഇത് സാമ്പത്തിക തട്ടിപ്പിലേക്കും അക്കൗണ്ട് ചോർച്ചയിലേക്കും നയിച്ചേക്കാം.

ഉപയോക്താക്കളെ കുടുക്കാൻ വേണ്ടി തട്ടിപ്പുകാര്‍ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും സൃഷ്ടിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉപയോക്താക്കളെ വലയില്ലാക്കി കബളിപ്പിക്കുന്നു. എന്നാൽ 19 മിനിറ്റ് വീഡിയോ എഐ ജനറേറ്റഡ് വീഡിയോ ആണെന്നും സംശയമുണ്ടെങ്കിൽ എഐ ജനറേറ്റഡ് ആണോ അല്ലയോ എന്ന് പരിശോധിക്കുന്ന സൈറ്റ് ഉണ്ടെന്നും അവിടെ പോയി പരിശോധിക്കാമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

"ഇത്തരം വീഡിയോകൾ ആരെങ്കിലുമായി പങ്കുവെച്ചാൽ, ഐടി ആക്ടിലെ 67, 67A, 66 എന്നീ വകുപ്പുകൾ പ്രകാരം നിങ്ങൾക്കെതിരെ കേസെടുക്കാം. ഇതിന് രണ്ട് വർഷം വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാം. കാരണം, ഒരാളുടെ സ്വകാര്യത ലംഘിക്കുകയോ അത്തരം വീഡിയോകൾ പങ്കിടുകയോ ചെയ്യുന്നത് നിങ്ങൾക്കെതിരെ കേസെടുക്കാൻ ഇടയാക്കും,"അദ്ദേഹം ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News