ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ മുന്നിലിട്ട് പീഡിപ്പിച്ച് കൊന്നു

അമ്മയെയും സഹോദരങ്ങളെയും ബന്ധിയാക്കിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

Update: 2021-08-11 07:30 GMT
Editor : Suhail | By : Web Desk
Advertising

ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്നു. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. അമ്മയെയും സഹോദരങ്ങളെയും ബന്ധിയാക്കിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയും വിഷം വായില്‍ ഒഴിക്കുകയുമായിരുന്നു. സംഭവത്തില്‍ നാലു പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

അരുണ്‍, ഫൂല്‍ചന്ദ്, ദുഖാന്‍ പണ്ഡിറ്റ്, രാം സുഹാഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അമ്മയെയും രണ്ടു സഹോദരന്‍മാരെയും ബന്ധിയാക്കുകയും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികള്‍ എതിര്‍ത്തപ്പോള്‍ ഇവരെ നിര്‍ബന്ധപൂര്‍വം വിഷം കുടിപ്പിക്കുകയും ചെയ്തു.

ഹരിയാന സോനിപത്തിലെ കുണ്ഡ്‌ലി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവം പുറത്തു പറയരുതെന്നും, പാമ്പ് കടിച്ചതാണെന്ന് പറയാന്‍ അമ്മയേയും സഹോദരന്‍മാരെയും ഭീഷണിപ്പെടുത്തുകയുമായിരുന്നു പ്രതികള്‍ ചെയ്തത്. ഗുരുതരാവസ്ഥയിലായ കുട്ടികള്‍ രണ്ടു പേരും ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

കുട്ടികളുടെ അമ്മയുടെ പരാതിയില്‍ നാലു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബിഹാറില്‍ നിന്നെത്തിയ കുട്ടികളും കുടുംബവും, ഗ്രാമത്തിലെ വാടക കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്നു. പിടിയിലായ പ്രതികളും ബിഹാറില്‍ നിന്നുള്ളവരാണ്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News