ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
നാരായൺപൂർ-ബിജാപൂർ അതിർത്തിയിൽ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണ്
റായ്പൂര്‍: ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായണ്‍പൂരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ സ്ഥിരീകരിച്ചു.
അബുജ്മദ് പ്രദേശത്ത് വച്ച് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നി നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ജവാന്മാരും മാവോയിസ്റ്റുകളും തമ്മിലാണ് വെടിവയ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ ചില പ്രമുഖര്‍ കൊല്ലപ്പെട്ടതായും വിജയ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
നാരായൺപൂർ-ബിജാപൂർ അതിർത്തിയിൽ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റുകളിലെ മുതിർന്ന കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് സുരക്ഷാ സേനയുടെ നടപടി.
ഛത്തീസ്ഗഡ് -തെലങ്കാന അതിർത്തിയിലെ മാവോയിസ്റ്റ് സാന്നിധ്യം നേരിടാൻ സുരക്ഷാ സേന 'ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്' പ്രഖ്യാപിച്ചിരുന്നു. 21 ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ, സെൻട്രൽ റിസർവ് പൊലീസ് സേനയും (സിആർപിഎഫ്) സംസ്ഥാന പൊലീസും ചേർന്ന് 1.72 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച 31 മാവോയിസ്റ്റുകളെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
214 മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും തകര്‍ക്കുകയും നിരവധി സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.