വികസിത് ഭാരത് പദ്ധതിക്ക് ₹26,000 കോടി; നിരോധനത്തിലും തുടരുന്ന തോട്ടിപ്പണി

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബിക്കാനീറിലെ ജ്വല്ലറി ഫാക്ടറിയിലെ മലിനജല ടാങ്കിനുള്ളിൽ ആറ് തൊഴിലാളികളാണ് ശ്വാസംമുട്ടി മരിച്ചത്

Update: 2025-05-30 11:59 GMT

ന്യൂഡൽഹി: ഒരു ആഴ്ച മുമ്പാണ് രാജസ്ഥാനിലെ ബിക്കാനീറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 26,000 കോടി രൂപയുടെ വമ്പൻ പദ്ധതി പാക്കേജ് ഉദ്ഘാടനം ചെയ്തത്. 'അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ഇന്ന് രാജ്യം ചെലവഴിച്ച തുക മുമ്പ് ഉപയോഗിച്ചിരുന്നതിന്റെ ആറിരട്ടിയാണ്.' ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ റോഡുകളുടെയും റെയിൽവേയുടെയും നവീകരണത്തിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും 18 സംസ്ഥാനങ്ങളിലായി പുനർവികസിപ്പിച്ച 102 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഉൾപ്പെടെ മോദി എടുത്തുപറഞ്ഞു.

എന്നാൽ രാജ്യം വലിയ വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും ശുചിത്വ തൊഴിലാളികളുടെ പരുഷമായ യാഥാർത്ഥ്യം മാറ്റമില്ലാതെ തുടരുന്നു. വരണ്ട ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നത് മുതൽ 10 അടി ആഴമുള്ള അഴുക്കുചാലുകളിൽ ശ്വാസംമുട്ടി ജോലിയെടുക്കുന്നത് ഇപ്പോഴും തുടരുന്നു. പലരും അപകടകരവും മനുഷ്യത്വരഹിതവുമായ അവസ്ഥകളെ അഭിമുഖീകരിക്കുന്നു. ഇന്ത്യയിൽ തോട്ടിപ്പണി നിയമവിരുദ്ധമാണെങ്കിലും ഈ പ്രശ്‌നത്തിന് ഇന്നും വലിയ ആശ്വാസമൊന്നും ലഭിച്ചിട്ടില്ല.

Advertising
Advertising

തിങ്കളാഴ്ച ബിക്കാനീറിലെ ഒരു ജ്വല്ലറി ഫാക്ടറിയിലെ മലിനജല ടാങ്കിനുള്ളിൽ ആറ് തൊഴിലാളികളാണ് മരിച്ചത്. നിർമ്മാണ പ്രക്രിയയിൽ നിന്നുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കണികകൾ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് മാനേജ്മെന്റ് അവരെ കെമിക്കൽ സ്ലഡ്ജ് ശേഖരിക്കാൻ ടാങ്കിലേക്ക് ആഴത്തിൽ ഇറങ്ങാൻ നിർബന്ധിച്ചു. തൊഴിലാളികൾ ആദ്യം മടിച്ചെങ്കിലും അധിക വേതനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അവരെ വശീകരിച്ചു. ആദ്യം അകത്തേക്ക് പോയ രണ്ടുപേർക്ക് ശ്വാസംമുട്ടാൻ തുടങ്ങിയപ്പോൾ മറ്റ് നാല് പേർ അവരെ രക്ഷിക്കാൻ ഇറങ്ങിയെങ്കിലും ആറ് പേരും ദാരുണമായി ടാങ്കിനകത്ത് മരിച്ചു.

2013 സെപ്റ്റംബർ 6-ന് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മാനുവൽ സ്‌കാവെഞ്ചർമാരുടെ തൊഴിൽ നിരോധനവും അവരുടെ പുനരധിവാസ നിയമവും നിലനിൽക്കെയാണ് ഈ ദുരന്തം സംഭവിക്കുന്നത്. 2013  മുതൽ തോട്ടിപ്പണി നിയമവിരുദ്ധമാണെന്ന് മാത്രമല്ല ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനവും അതുമായി ബന്ധപ്പെട്ട ദുരുപയോഗവും ജുഡീഷ്യൽ അവലോകനത്തിലാണ്. 2013-ലെ തോട്ടിപ്പണി നിരോധിച്ചുകൊണ്ടുള്ള നിയമം പാസായി ഒരു ദശാബ്ദത്തിലേറെയായിട്ടും ദലിത്, അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഇപ്പോഴും അപകടകരവും നിയമവിരുദ്ധവുമായ ഈ ജോലിയിലേക്ക് നിർബന്ധിതരാകുന്നുണ്ട്. ഇത് ആവർത്തിക്കുന്നത് തടയുന്നതിൽ വ്യവസ്ഥ പരാജയപ്പെട്ടു എന്ന കഠിനമായ യാഥാർത്ഥ്യം നിലനിൽക്കുന്നു.

അടുത്തിടെ കൊൽക്കത്തയിൽ വൃത്തിയാക്കുന്നതിനിടെ ഡ്രെയിൻ പൈപ്പ് പൊട്ടി മൂന്ന് പേർ മരിച്ചു. കൊൽക്കത്ത മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ജോലി ഏൽപ്പിച്ചത്. അതേ ദിവസം തന്നെ ഡൽഹിയിലെ നരേലയിൽ ഒരു സ്വകാര്യ കരാറുകാരൻ സംരക്ഷണ ഉപകരണങ്ങളില്ലാതെ വിഷലിപ്തമായ ടാങ്കിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചതിനെ തുടർന്ന് രണ്ട് തൊഴിലാളികൾ കൂടി മരിച്ചു. ഈ വർഷം ഫെബ്രുവരി മുതൽ മേയ്  വരെ മധ്യപ്രദേശ്, ഡൽഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 ശുചീകരണ തൊഴിലാളികൾ മരിച്ചതായി ദി മൂക്നായകിനെ ഉദ്ധരിച്ച് ദി ഒബ്സർവർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

2014-ൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW) ശുചിത്വ തൊഴിലാളികളിൽ സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ അവർ ഒരു ദിവസം 20 ടോയ്‌ലറ്റുകൾ വരെ വെറും കൈകൊണ്ട് വൃത്തിയാക്കാൻ നിർബന്ധിതരായിട്ടുണ്ടെന്ന് പങ്കുവെച്ചു. അതിൽ തന്നെ പണമായിട്ടല്ല മിച്ചം വരുന്ന ഭക്ഷണത്തിലൂടെയാണ് ശമ്പളം ലഭിച്ചത്. ജോലി ഉപേക്ഷിക്കാൻ ശ്രമിച്ചാൽ തൊഴിലുടമകളിൽ നിന്ന് ഭീഷണി നേരിടേണ്ടി വന്നതായി തൊഴിലാളികൾ പറയുന്നു. 'എനിക്ക് പോകണം. ഒരു ദിവസം പോലും മുടങ്ങിയാൽ എന്നെ ഭീഷണിപ്പെടുത്തും.' ഒരു തൊഴിലാളി HRW യോട് പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News