തൃശൂരിൽ ബൈക്ക് യാത്രികന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മൂന്ന് ലക്ഷം രൂപ കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ
ആറ്റിങ്ങൽ സ്വദേശി അർജുൻ, ബൈസൺവാലി സ്വദേശി ബോബി ഫിലിപ്പ്, ആലുവ സ്വദേശി ഗ്ലിവിൻ ജെയിംസ് എന്നിവരാണ് പിടിയിലായത്
തൃശൂർ: മുറ്റിച്ചൂരിൽ ബൈക്ക് യാത്രികന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മൂന്നു ലക്ഷം രൂപ കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അർജുൻ, ഇടുക്കി ബൈസൺവാലി സ്വദേശി ബോബി ഫിലിപ്പ്, ആലുവ സ്വദേശി ഗ്ലിവിൻ ജെയിംസ് എന്നിവരാണ് പിടിയിലായത്.
കവർച്ചക്ക് ശേഷം രക്ഷപ്പെട്ട പ്രതികളുടെ വാഹനം കേന്ദ്രീകരിച്ച് തൃശൂർ റൂറൽ പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ഈ മാസം ഏഴിനാണ് തൃശൂർ മുറ്റിച്ചൂർ പള്ളിക്ക് സമീപത്ത് വച്ച് പ്രതികൾ ആസൂത്രിതമായി കവർച്ച നടന്നത്. മഹാരാഷ്ട്ര സ്വദേശിയും വാടാനപ്പള്ളിയിൽ താമസക്കാരനുമായ അക്ഷയ് പ്രതാപ് പവനെയാണ് പ്രതികൾ ആക്രമിച്ച് പണം തട്ടിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർ നിരീക്ഷണത്തിലാണെന്നും ഉടൻ പിടികൂടുമെന്നും തൃശൂർ റൂറൽ പൊലീസ് വ്യക്തമാക്കി.