3000 കോടിയുടെ വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ ഇഡി അന്വേഷണം
ഡൽഹിയിലെയും മുംബൈയിലെയും കമ്പനികളിൽ പരിശോധന
ന്യൂഡൽഹി: വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ കമ്പനികളിലും യെസ് ബാങ്കിലും പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 3000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയതായാണ് ഇഡിയുടെ ആരോപണം. ഡൽഹിയിലെയും മുംബൈയിലെയും കമ്പനികളിൽ ഇഡി പരിശോധന.
നാഷണൽ ഹൗസിംഗ് ബാങ്ക്, സെക്യൂരിറ്റീസ് ആ്ൻഡ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ(സെബി), നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ് എന്നിവയുൾപ്പടെയുള്ള ഒന്നിലധികം റെഗുലേറ്ററി ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും സിബിഐ ഫയൽ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെയും അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.
അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള മുതിർന്ന ബിസിനസ് എക്‌സിക്യൂട്ടീവുമാരുടെ ഓഫീസുകളിലും പരിശോധ നടത്തി. പൊതു ഫണ്ട് വകമാറ്റുന്നതിനുള്ള ആസൂത്രിത നീക്കത്തിന് തെളിവുകൾ ലഭിച്ചെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
യെസ് ബാങ്കിൽ നിന്ന് 2017-2019 കാലയളവിൽ എടുത്ത 3000കോടി രൂപയുടെ വായ്പകളുടെ നിയമവിരുദ്ധമായ വകമാറ്റം സംബന്ധിച്ച സംശയത്തിലാണ് അന്വേഷണം. എസ്ബിഐയിലും അനിൽ അംബാനി ഗ്രൂപ്പിന് 3000 രൂപയുടെ ബാധ്യതയുണ്ട്.
നേരത്തെ വിദേശനാണ്യ വിനിമയവുമായി ബന്ധപ്പെട്ട കേസിലും 2020ൽ യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിനെതിരായുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലും അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു. രണ്ട് സ്വിസ് ബ്ാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലധികം വരുന്ന വെളിപ്പെടുത്താത്ത ഫണ്ടുകളിൽ നിന്ന് 420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് 2022 ഓഗസ്റ്റിൽ കള്ളപ്പണ വിരുദ്ധ നിയമപ്രകാരം അംബാനിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഈ കേസിൽ കഴിഞ്ഞ വർഷം ബോംബെ ഹൈക്കോടതി അനിൽ അംബാനിക്ക് ഇളവ് നൽകിയിരുന്നു.
watch video: