കര്‍ണാടകയിലെ 48 എംഎൽഎമാര്‍ ഹണി ട്രാപ്പിൽ പെട്ടു; തന്നെയും കുടുക്കാൻ നീക്കമെന്ന് മന്ത്രി കെ.എൻ രാജണ്ണ

പലരും പറയുന്നതുപോലെ കർണാടക സിഡി, പെൻ ഡ്രൈവുകൾ എന്നിവയുടെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നുവെന്നും മന്ത്രി

Update: 2025-03-21 05:47 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു: കർണാടകയിലെ 48 എംഎൽഎമാർ ഹണി ട്രാപ്പിൽ പെട്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കെ.എൻ രാജണ്ണ . ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ടെന്നും തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ വെളിപ്പെടുത്തി. പിന്നിൽ ആരെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് നിയമസഭാംഗങ്ങളെ ഹണി ട്രാപ്പിൽ ആരോ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ സഭയിൽ ആരോപിച്ചതിന് പിന്നാലെയാണ് രാജണ്ണയുടെ പരാമർശം.പലരും പറയുന്നതുപോലെ കർണാടക സിഡി, പെൻ ഡ്രൈവുകൾ എന്നിവയുടെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'രണ്ട് ഫാക്ടറികൾ' പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടപ്പോൾ "ഒന്ന് നിങ്ങളുടെ ഭാഗത്തും മറ്റൊന്ന് ഞങ്ങളുടെ ഭാഗത്തും ഉണ്ടോ? നിങ്ങളുടെ ഫാക്ടറി ആരാണ് നടത്തുന്നതെന്ന് പറഞ്ഞാൽ, ആരാണ് ഞങ്ങളുടെ ഫാക്ടറി നടത്തുന്നതെന്ന് ഞങ്ങൾക്ക് വെളിപ്പെടുത്താൻ കഴിയും." രാജണ്ണ ചോദിച്ചു. ഹണി ട്രാപ്പിന് പിന്നിൽ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

"48 എംഎൽഎമാരുടെ പെൻ ഡ്രൈവുകൾ ഇവിടെയുണ്ട്. ഇതിൽ ഭരണകക്ഷി അംഗങ്ങൾ മാത്രമല്ല, പ്രതിപക്ഷ അംഗങ്ങളും ഉൾപ്പെടുന്നു.സംസ്ഥാന നേതാക്കൾ മാത്രമല്ല, ദേശീയ പാര്‍ട്ടികളിലെ നേതാക്കളും ഹണി ട്രാപ്പിന് ഇരകളാണ്. ഇതൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്'' രാജണ്ണ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി ജി. പരമേശ്വര സമർപ്പിക്കുന്ന പരാതിയിൽ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ച മന്ത്രി, തന്നെയും കെണിയിൽ പെടുത്താൻ ശ്രമിച്ചതിന് തെളിവുണ്ടെന്ന് പറഞ്ഞു.ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടുമെന്ന് സഭയിൽ സന്നിഹിതനായിരുന്ന പരമേശ്വര പ്രതികരിച്ചു.

മന്ത്രിമാർ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ചില നേതാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന അഭ്യൂഹങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ വി. സുനിൽ കുമാർ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്. കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള അധികാരത്തർക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹണി ട്രാപ്പ് ആരോപണങ്ങൾ ഉയർന്നത്. രാജണ്ണയും മകനും ഹണി ട്രാപ്പിൽ കുടുങ്ങിയതാണെന്ന ഊഹാപോഹങ്ങൾ ശക്തമായതിനെത്തുടർന്ന്, അടുത്തിടെ ഡൽഹിയിലായിരുന്ന രാജണ്ണ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടതായാണ് വിവരം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News