പ്രധാനമന്ത്രിക്ക് നന്ദി പറയാൻ അഞ്ച് കോടി പോസ്റ്റ് കാർഡുകൾ; 20 ദിവസത്തെ ആഘോഷവുമായി ബി.ജെ.പി

Update: 2021-09-04 16:30 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 20 വർഷം അടയാളപ്പെടുത്താനായി 20 ദിവസത്തെ മെഗാ ഇവന്റുമായി ബിജെപി. "സേവ സമർപ്പണ് അഭിയാൻ" എന്ന് പേരിട്ടിരിക്കുന്ന മെഗാ ഇവന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ആം ജന്മദിനമായ സെപ്റ്റംബർ 17-ന് ആരംഭിക്കും.20 ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി ശുചിത്വ - രക്തദാന ക്യാമ്പയിനുകളും പരിപാടികളും നടത്താൻ പാർട്ടി പദ്ധതിയിടുന്നു. ഇതിനായി എല്ലാ സംസ്ഥാന ഘടകങ്ങൾക്കും ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെപി നദ്ദ നിർദ്ദേശം നൽകി.

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനമറിയിച്ച് ഇന്ത്യയിലെമ്പാടുമുള്ള ബി.ജെ.പി ഘടകങ്ങളിൽ നിന്ന് അഞ്ച് കോടി പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്ക് അയയ്ക്കും എന്ന് ബി.ജെ.പി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

"സൗജന്യ ഭക്ഷ്യധാന്യങ്ങൾക്കും പാവപ്പെട്ടവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പിനും" പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിക്കുന്ന ഹോർഡിംഗുകളും പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിക്കും. പ്രധാനമന്ത്രിയുടെ ജീവചരിത്രം പറയുന്ന പ്രദർശനങ്ങൾ നടത്താനും പാർട്ടി അംഗങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. നമോ ആപ്പിലൂടെയും വെർച്വൽ ഇവന്റുകളിൽ പങ്കെടുക്കാം.പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കാൻ എല്ലാ പൊതു പ്രതിനിധികളും റേഷൻ വിതരണ കേന്ദ്രങ്ങളിൽ പോയി വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കും. യുവജനവിഭാഗം രക്തദാന ക്യാമ്പുകൾ നടത്തുമെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ പാർട്ടി പ്രവർത്തകർ 71 സ്ഥലങ്ങളിൽ ഗംഗാ നദി ശുചീകരിക്കാനുള്ള പ്രചാരണം നടത്തും."പ്രധാനമന്ത്രി മോദിയുടെ ജീവിതത്തിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ബുദ്ധിജീവികളെയും പ്രശസ്ത വ്യക്തികളെയും ക്ഷണിക്കും. സന്ദേശം പൊതുജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ ഭാഷകളിൽ പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കും," പാർട്ടി പ്രസ്താവനയിൽ പറയുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി 2001 ഒക്ടോബർ 7 നാണ് തിരഞ്ഞെടുക്കപ്പെട്ടത് ഈ ദിവസത്തിന്റെ ഓർമ്മയിലാണ് 20 ദിവസത്തെ പരിപാടി ഒക്ടോബർ 7 ന് അവസാനിക്കുന്നത് എന്ന് ബി.ജെ.പി അറിയിച്ചു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News