ഓണ്‍ലൈന്‍ ക്ലാസെന്ന് പേര്; രാജ്യത്ത് 60 ശതമാനം കുട്ടികളും മെസേജിങ് ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പഠനം

പത്തു വയസ് പ്രായമുള്ളവരിൽ 37.8 ശതമാനം പേർക്ക് ഫേസ്ബുക്ക് അക്കൗണ്ടും 24.3 ശതമാനം പേർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്.

Update: 2021-07-25 08:53 GMT
Advertising

ഓൺലൈൻ പഠനത്തിന്‍റെ പേരിൽ രാജ്യത്തെ അറുപത്​ ശതമാനത്തോളം വിദ്യാർഥികളും മെസേജിങ് ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പഠനം. ​നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ്​ ചൈൽഡ്​ റൈറ്റ്​സ് (എൻ.‌സി‌.പി.‌സി‌.ആർ) നടത്തിയ പഠനത്തിനാലാണ് കണ്ടെത്തല്‍. പത്ത്​ ശതമാനം മാത്രമാണ് സ്മാര്‍ട്ട് ഫോണ്‍,​ ഓൺലൈൻ പഠനത്തിനായി​ ഉപയോഗിക്കുന്നതെന്നും പഠനം പറയുന്നു.  

59.2 ശതമാനം കുട്ടികൾ മെസേജിങ് ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുമ്പോള്‍ 10.1 ശതമാനം കുട്ടികൾ മാത്രമാണ് പഠനാവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നത്. വാട്​സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ്​ തുടങ്ങിയ മെസേജിങ് ആപ്പുകളാണ്​ കുട്ടികൾ കൂടുതലായി ഉപയോഗിച്ചുവരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 

എട്ട്​ മുതൽ 18 വയസ്​ വരെയു​ള്ള കുട്ടികളിൽ 30.2 ശതമാനം ​പേർക്കും സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമായുണ്ട്. പത്തു വയസ് പ്രായമുള്ളവരിൽ 37.8 ശതമാനം പേർക്ക് ഫേസ്ബുക്ക് അക്കൗണ്ടും 24.3 ശതമാനം പേർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. 13 വയസ് മുതൽ സ്വന്തം സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഭൂരിഭാഗം മാതാപിതാക്കളും കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതായും ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം എന്നിവ കുട്ടികളിൽ കണ്ടുതുടങ്ങിയതായും പഠനം വ്യക്തമാക്കുന്നു. കുട്ടികളിലെ ഇൻറർനെറ്റ്​ അടിമത്വം നിയന്ത്രിക്കാന്‍ രക്ഷിതാക്കളുടെ മേൽനോട്ടം ഉണ്ടാകണമെന്നും, മറ്റു​ പ്രവർത്തനങ്ങളിൽ കുട്ടിക​ളെ സജീവമാക്കണമെന്നുമാണ് പഠനം നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 60 സ്കൂളുകളിൽ നിന്ന് 3,491 കുട്ടികൾ, 1,534 രക്ഷിതാക്കൾ, 786 അധ്യാപകർ എന്നിവരുൾപ്പടെ 5,811 പേരാണ്​ പഠനവിധേയമായത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News