Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡൽഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുള്ള രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ തരൂര്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. ക്ഷണം സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സ്വന്തം പാര്‍ട്ടിക്കാരെ ക്ഷണിക്കാത്ത പരിപാടിയിലാണ് തരൂര്‍ പോയതെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്കും രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും ക്ഷണമില്ലാതിരിക്കെയാണ് തരൂരിനെ വിരുന്നിന് ക്ഷണിച്ചത്. വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് പങ്കെടുത്തതെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും തരൂര്‍ പറഞ്ഞു.
പാര്‍ട്ടിയിലെ നമ്മുടെ നേതാക്കള്‍ക്ക് ക്ഷണം ലഭിക്കാതിരിക്കുകയും നമ്മളെ ക്ഷണിക്കുകയുമാണെങ്കില്‍ മനസ്സാക്ഷിയോട് ചോദിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഇതിലെല്ലാം രാഷ്ട്രീയം കളിക്കുന്നുണ്ട്. ക്ഷണിക്കുന്നവരുടെയും ക്ഷണം സ്വീകരിക്കുന്നവരുടെയും മേല്‍ സംശയത്തിന്റെ നിഴലുണ്ട്. പവന്‍ ഖേര പറഞ്ഞു.
തരൂര്‍ അത്താഴവിരുന്നില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസിനകത്ത് വലിയ അതൃപ്തിയാണുള്ളത്.
ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളെ അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ടോയെന്ന അഭ്യൂഹം കാര്യമായി പ്രചരിക്കുന്നുണ്ട്. രണ്ടു നേതാക്കളെയും ക്ഷണിച്ചിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.