ചെങ്കോട്ടയിൽ ഡമ്മി ബോംബുമായെത്തിയയാളെ തിരിച്ചറിയാനായില്ല; ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായാണ് ചെങ്കോട്ടയിൽ മോക്ഡ്രില്‍ നടന്നത്
ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുരക്ഷാവീഴ്ചയുടെ പേരില്‍ ഏഴുപൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ചെങ്കോട്ടയിൽ നടന്ന മോക്ഡ്രില്ലില്‍ ഡമ്മി ബോംബുമായി എത്തിയയാളെ തിരിച്ചറിയാനാകാത്ത കോൺസ്റ്റബിൾമാരും ഹെഡ് കോൺസ്റ്റബിൾമാരും ഉൾപ്പെടെയുള്ള ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.ചെങ്കോട്ടയുടെ സുരക്ഷ ചുമതലയുള്ളവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.
79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഡൽഹി പൊലീസ് ദിവസേന സുരക്ഷാ പരിശീലനം നടത്തിവരികയാണ്. ശനിയാഴ്ച സ്‌പെഷ്യൽ സെൽ നടത്തിയ മോക്ഡ്രില്ലില്‍ സിവിലിയന്മാരുടെ വേഷം ധരിച്ച് ഡമ്മി ബോംബുമായി ഒരാള്‍ ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചു.എന്നാല്‍ ഈ ഡമ്മി ബോംബ് കണ്ടെത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്നും ഡൽഹി പൊലീസ് വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.അതുകൊണ്ടാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തിങ്കളാഴ്ച ചെങ്കോട്ട പരിസരത്ത് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 20-25 വയസ് പ്രായമുള്ളവരാണ് പിടിയിലായവര്‍.ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഇവരില്‍ നിന്ന് ബംഗ്ലാദേശി രേഖകളും കണ്ടെടുത്തതായും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
സ്വാതതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ താമസക്കാരുടെ മുഴുവന്‍ വിവരങ്ങളും തയ്യാറാക്കുകയും ഹൈടെക് വീഡിയോ അനലിറ്റിക്സ്, നൂതന വാഹന സ്കാനിംഗ് സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന് മുമ്പുള്ള ദിവസങ്ങളിൽ അഞ്ച് തരം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. സംശയാസ്പദമായ വസ്തുക്കളെ ഹൈലൈറ്റ് ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ള കാമറയാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.