വോട്ട് അട്ടിമറി: 80 വോട്ടർമാരുള്ള ഒറ്റമുറി വീട്ടിലെത്തിയപ്പോൾ കണ്ടത് ഒരാളെ
കഷ്ടിച്ച് 10-15 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ നിലവിൽ താമസിക്കുന്നത് പശ്ചിമ ബംഗാളിൽ നിന്നുള്ള ഭക്ഷണ വിതരണ തൊഴിലാളിയായ ദിപാങ്കറാണ്.
ബംഗളൂരു: ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം സംബന്ധിച്ച് 'ഇന്ത്യാ ടുഡേ' നടത്തിയ ഗ്രൗണ്ട് റിയാലിറ്റി പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 80 വോട്ടർമാരുള്ള ഒറ്റമുറി വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് ബംഗാൾ സ്വദേശിയായ ഒരു ഭക്ഷണവിതരണ തൊഴിലാളി മാത്രമാണ്.
മുനി റെഡ്ഡി ഗാർഡനിലെ 35-ാം നമ്പർ വീട്ടിൽ ഏകദേശം 80 വോട്ടർമാരെ വ്യാജമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. കഷ്ടിച്ച് 10-15 ചതുരശ്ര അടി വിസ്തീർണമുള്ള ആ വീട്ടിൽ നിലവിൽ താമസിക്കുന്നത് പശ്ചിമ ബംഗാളിൽ നിന്നുള്ള ഭക്ഷണ വിതരണ തൊഴിലാളിയായ ദിപാങ്കറാണ്. ഒരു മാസം മുമ്പ് മാത്രമാണ് അദ്ദേഹം ഇവിടെ താമസത്തിനെത്തിയത്. ഇയാൾക്ക് ബംഗളൂരുവിൽ വോട്ടില്ല. ഇപ്പോൾ താമസിക്കുന്ന വിലാസവുമായി ബന്ധിപ്പിച്ചിട്ടുള്ള വോട്ടർ പട്ടികയിലെ പേരുകൾ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയറാം റെഡ്ഡി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണ് ഇത്. ഇയാൾ ബിജെപിയുമായി ബന്ധമുള്ളയാളാണ്. എന്നാൽ തനിക്ക് ബിജെപി അംഗത്വമില്ലെന്നും അവർക്ക് വോട്ട് ചെയ്യാറുണ്ടെന്നും ജയറാം റെഡ്ഡി പറഞ്ഞു. വർഷങ്ങളായി നിരവധി വാടകക്കാർ അവിടെ താമസിച്ചിരുന്നുവെന്നും അവരിൽ പലരും വോട്ടർമാരായി പേര് ചേർത്തിട്ടുണ്ടെന്നും എന്നാൽ മിക്കവരും പിന്നീട് സ്ഥലം മാറിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടില്ല. ഇവരിൽ ചിലർ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റമുറി വീടുകളിൽ താമസിക്കുന്ന നിരവധി കുടിയേറ്റ തൊഴിലാളികൾ വാടക കരാർ ഉപയോഗിച്ച് വോട്ടർ ഐഡി സ്വന്തമാക്കാറുണ്ടെന്ന് ബൂത്ത് ലെവൽ ഓഫീസറായ മുനിരത്‌ന പറഞ്ഞു. സെക്യൂരിറ്റി ഗാർഡ്, ഹൗസ് കീപ്പിങ്, വീട്ടുജോലി തുടങ്ങിയ ജോലികൾ ചെയ്യുന്നവരാവും ഇവർ. വോട്ടർ ഐഡി കിട്ടിയ ശേഷം പലരും വീട് ഒഴിഞ്ഞുപോകാറുണ്ട്. ഇതിന് ശേഷവും ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടാവും.
ഇത്തരത്തിൽ താമസം മാറിയവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. നടപടിക്രമങ്ങൾ വൈകുന്നതിനാൽ ഇവരുടെ പേര് നീക്കം ചെയ്യപ്പെടാതെ തുടരുകയാണ്. വോട്ടർ ഐഡി ആവശ്യമുള്ളതിനാൽ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഇവരിൽ പലരും വിസമ്മതിക്കുകയാണ്. പലരും തെരഞ്ഞെടുപ്പ് സമയത്ത് എത്തി വോട്ട് ചെയ്യാറുണ്ടെന്നും മുനിരത്‌ന പറഞ്ഞു.