'ഇരകൾക്ക് നഷ്ടപരിഹാരവും കുറ്റക്കാർക്ക് ശിക്ഷയും നൽകണം'; ഗുരുഗ്രാം സന്ദർശിച്ച് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി സംഘം

ഗുരുഗ്രാമിലെ സാഹചര്യത്തിനിടയാക്കിയത് ഇൻറലിജൻറ്‌സിന്റെയും പൊലീസ് വകുപ്പിലെ ഏകോപനത്തിന്റെയും പരാജയമാണെന്നാണ് സംഘം നിരീക്ഷിക്കുന്നത്

Update: 2023-08-03 14:46 GMT
Advertising

ന്യൂഡൽഹി: വർഗീയ കലാപം നടന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് (ജെഐഎച്ച്) പ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു. സെക്ടർ 57ലെ മസ്ജിദ് ആക്രമണത്തെക്കുറിച്ചും ഇമാം സഅദിന്റെ മരണത്തെക്കുറിച്ചും ഗുരുഗ്രാമിലും പരിസരത്തുമുണ്ടായ മറ്റ് ആക്രമണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിനിധി സംഘം ഗുരുഗ്രാം പൊലീസ് കമ്മീഷണർ കാലാ രാമചന്ദ്രനെയും കണ്ടു.

 

സമൂഹ മാധ്യമ പ്രചാരണം ആക്രമണം വർധിക്കാൻ കാരണമായെന്നും പൊലീസ് സേനയ്ക്ക് സ്ഥിതിഗതികൾ വേണ്ടത്ര കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നുമാണ് പ്രതിനിധി സംഘത്തിന് ലഭിച്ച വിവരം. വർഗീയ സംഘർഷവും അശാന്തിയും കാരണം തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് പ്രദേശവാസികൾ സംഘത്തോട് പറഞ്ഞു. പരിക്കേറ്റ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും കാണാനായി പ്രതിനിധി സംഘം പ്രാദേശിക ആശുപത്രിയും സന്ദർശിച്ചു. കനത്ത സുരക്ഷയിലുള്ള സെക്ടർ 57 മസ്ജിദും സംഘം സന്ദർശിച്ചു.

ഗുരുഗ്രാമിലെ സാഹചര്യത്തിനിടയാക്കിയത് ഇൻറലിജൻറ്‌സിന്റെയും പൊലീസ് വകുപ്പിലെ ഏകോപനത്തിന്റെയും പരാജയമാണെന്നാണ് സംഘം നിരീക്ഷിക്കുന്നത്. സാമൂഹിക വിരുദ്ധർക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചതും അതിക്രമം വർധിപ്പിച്ചതായും അവർ ചൂണ്ടിക്കാട്ടി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ശ്രമങ്ങളുണ്ടാകണമെന്ന് ജമാഅത്ത് സംഘം ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസും ഭരണകൂടവും ജനങ്ങൾക്ക് ഉറപ്പ് നൽകണമെന്നും പറഞ്ഞു. സംഘർഷങ്ങൾ മൂലം പ്രധാന കച്ചവട നഗരത്തിൽ നിന്ന് ആളുകൾ മാറിത്താമസിക്കുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. അക്രമത്തിന് ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരവും കുറ്റക്കാർക്ക് ഉചിത ശിക്ഷയും നൽകണമെന്ന് ജമാഅത്ത് സംഘം ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി മൗലാന ഷാഫി മദനി, എപിസിആർ നാഷണൽ സെക്രട്ടറി നദീം ഖാൻ, ഇനാമുറഹ്മാൻ, ലാഇഖ് അഹമ്മദ് ഖാൻ തുടങ്ങിയവരാണ് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി സംഘത്തെ നയിച്ചത്.

A delegation of Jamaat-e-Islami Hind visited Gurugram

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News