ഏഴ് വയസുകാരിയെ രണ്ടാനച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
വീട്ടിൽ മാന്യമായി പെരുമാറുന്നില്ലെന്ന് കുറ്റപ്പെടുത്തി ദർശൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് അമ്മ ആരോപിക്കുന്നു
ബംഗളൂരു: കർണാടകയിലെ കുമ്പളഗോഡുവിൽ ഏഴു വയസ്സുകാരിയെ രണ്ടാനച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിന് പിന്നാലെ രണ്ടാനച്ഛനായ കെ.ദർശൻ (30) ഒളിവിൽ പോയി. പ്രദേശത്തെ ചില്ലറ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് കുറ്റാരോപിതനായ ദർശൻ.
കുമ്പളഗോഡുവിലെ കന്നിക ലേഔട്ടിൽ താമസിക്കുന്ന ശിൽപയുടെ മകൾ സിരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ മാന്യമായി പെരുമാറുന്നില്ലെന്ന് കുറ്റപ്പെടുത്തി ദർശൻ കുട്ടിയെ ഇടക്കിടെ ശിക്ഷിക്കാറുണ്ടെന്ന് ശിൽപ ആരോപിച്ചു. എക്സ്റ്റീരിയർ ഡിസൈൻ കമ്പനിയിൽ പ്രവർത്തിക്കുന്ന ശിൽപ ജോലിക്ക് പോയ സമയത്താണ് സംഭവം.
വൈകിട്ട് 5.30ഓടെ വീട്ടിലേക്ക് മടങ്ങിയെത്തിയ ശിൽപ മകളുടെ അവസ്ഥ കണ്ട് നിലവിളിക്കാൻ തുടങ്ങിയതോടെ ദർശൻ ഓടി രക്ഷപ്പെട്ടു. മാതാവാണ് അയൽവാസികളെയും പൊലീസിനെയും വിവരം അറിയിച്ചത്. ഹെൽപ് ലൈൻ നമ്പർ വഴി വിവരമറിഞ്ഞ പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു.
ആദ്യ ഭർത്താവുമായി അകന്നു കഴിയുന്ന ശിൽപ അഞ്ച് മാസം മുമ്പ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ദർശനെ കണ്ടുമുട്ടിയതെന്നും അടുത്തിടെയാണ് വിവാഹം കഴിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ജന്മനാടായ തുമകൂരുവിലേക്കാണ് ദർശൻ കടന്നതെന്നാണ് നിഗമനം. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.