ബാബരി മസ്ജിദ്; ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന് ആർ.എസ്.എസ് മാത്രമല്ല കോൺഗ്രസ് കൂടിയാണ് പ്രതിയെന്ന് എ.എ റഹീം

എതിർക്കാതെ,എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു രാജ്യത്തിന്‍റെ അധികാരത്തിൽ അമർന്നിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

Update: 2022-12-06 07:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി മാത്രമല്ല കോണ്‍ഗ്രസും കുറ്റക്കാരാണെന്ന് എ.എ റഹീം എം.പി. പൊളിച്ചവർ മാത്രമല്ല, അധികാരത്തിന്‍റെ സർവ്വ ശക്തിയും കയ്യിൽ സൂക്ഷിച്ചിരുന്ന കോൺഗ്രസ് പുലർത്തിയ മാപ്പില്ലാത്ത നിസ്സംഗത പൊളിച്ചവരെക്കാൾ വലിയ കുറ്റകുത്യമാണ് ചെയ്തതെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

എ.എ റഹീമിന്‍റെ കുറിപ്പ്

ഡിസംബർ ആറ്,ചരിത്രത്തിൽ കുറ്റക്കാരെന്ന് രേഖപ്പെടുത്തുന്നത്. ബി.ജെ.പിയെ ഒറ്റയ്ക്കല്ല,കോൺഗ്രസിനെ കൂടിയാണ്. ബാബരി മസ്ജിദ് ആർ.എസ്.എസ് ക്രിമിനൽ സംഘം തകർത്തെറിഞ്ഞത് 1992 ഡിസംബർ ആറിനായിരുന്നു.അന്നേ ദിവസം പകൽ 12.15ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്ക് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന് സാക്ഷ്യം വഹിച്ചു. ആർക്കും നീതീകരിക്കാനാകാത്ത ഈ ക്രിമിനൽ പ്രവർത്തനം നടത്തിയത് സംഘപരിവാർ.

എതിർക്കാതെ,എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു രാജ്യത്തിന്‍റെ അധികാരത്തിൽ അമർന്നിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആർ.എസ്.എസ് മുന്നോട്ട് വയ്ക്കുന്നത് വെറുപ്പിന്‍റെ രാഷ്ട്രീയമാണ്.അവർ പരസ്യമായി പറഞ്ഞു. പരസ്യമായി പള്ളിപൊളിക്കാൻ പരിശീലനം നൽകി. പരിശീലനം സിദ്ധിച്ച കർസേവകർ രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും അയോധ്യയിലേയ്ക്ക് തിരിച്ചു, വർഗീയ വിഷം ചീറ്റി സംഘപരിവാർ നേതാക്കൾ പ്രചരണ യാത്രകൾ നടത്തി. നിയമ വിരുദ്ധമായി ഒരു ആരാധനാലയം പൊളിക്കാൻ നേരത്തെ നിശ്ചയിച്ചു,പരസ്യമായി പ്രഖ്യാപിച്ചു,പട്ടാപ്പകൽ അത് പൊളിക്കുമ്പോൾ, പൊളിച്ചവർ മാത്രമല്ല, അധികാരത്തിന്‍റെ സർവ്വ ശക്തിയും കയ്യിൽ സൂക്ഷിച്ചിരുന്ന കോൺഗ്രസ് പുലർത്തിയ മാപ്പില്ലാത്ത നിസ്സംഗത പൊളിച്ചവരെക്കാൾ വലിയ കുറ്റകുത്യമാണ്.

പൊളിക്കാൻ കൂട്ടുനിന്നു എന്ന് മാത്രമല്ല,പള്ളി പൊളിച്ച ഒരു പ്രതിയെ പോലും നിയമത്തിന്‍റെ മുന്നിലെത്തിക്കാനും കോൺഗ്രസ് സർക്കാർ ഒന്നും ചെയ്തില്ല. നിസംശയം പറയാം. ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന് ആർ.എസ്.എസ് മാത്രമല്ല കോൺഗ്രസ് കൂടിയാണ് പ്രതി. കാലം ഒരുപാട് കഴിഞ്ഞു.ഇപ്പോൾ ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രം ഉയരുന്നു.അന്ന് നിശബ്ദ സഹായമായി നിന്ന കോൺഗ്രസ് ഇന്ന് പരസ്യമായി തന്നെ രംഗത്തുണ്ട്.ബി.ജെ.പിയുടെ അവകാശവാദങ്ങൾക്കൊപ്പം കോൺഗ്രസും പരസ്യമായി അവകാശവാദങ്ങൾ നിരത്തുന്നു.ബാബരി മസ്ജിദ് തകർത്തതിനെക്കുറിച്ചു നിശബ്ദമാകുന്ന കോൺഗ്രസ് രാമക്ഷേത്ര നിർമിതിയിൽ ആഘോഷങ്ങളിൽ സംഘ്പരിവാറിനൊപ്പം മത്സരിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്.

പുതിയ രാമക്ഷേത്ര നിര്‍മാണത്തിന് പണം പിരിക്കാൻ ആർ.എസ്.എസ് ഇറങ്ങിയപ്പോൾ ഉദാരമായി, പരസ്യമായി തന്നെ സഹായിക്കാൻ രംഗത്തുവന്നവരിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു എന്ന് മറന്നുപോകരുത്. മൃദുഹിന്ദുത്വ സമീപനങ്ങളിൽ നിന്ന് മാറി,പരസ്യമായി,കൂടുതൽ ശക്തമായ സംഘപരിവാർ ആഭിമുഖ്യവും കൂറും അവർ ഇന്ന് മുഖമുദ്രയാക്കിയിരിക്കുന്നു. ഡിസംബർ ആറ്,ചരിത്രത്തിൽ കുറ്റക്കാരെന്ന് രേഖപ്പെടുത്തുന്നത്. ബി.ജെ.പിയെ ഒറ്റയ്ക്കല്ല,കോൺഗ്രസിനെ കൂടിയാണ്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News