Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഎഐബി ഡയറക്ടര്‍ ജനറലും ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറും ഉള്‍പ്പെടെയുള്ള സംഘം അപകട സ്ഥലം സന്ദര്‍ശിച്ചു.
ഇന്ത്യന്‍ ഏജന്‍സികളുടെ അന്വേഷണത്തെ സഹായിക്കാന്‍ ബോയിങ് കമ്പനിയുടെ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും. ഇതിനൊപ്പം യുഎസ് ഫെഡറല്‍ ഏവിയേന്‍ ഉദ്യാഗസ്ഥരും ഇന്ത്യയിലെത്തും. യുഎസിന്റെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) ആണ് ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയക്കുന്നത്. ഇന്ത്യയുടെ അന്വേഷണ സംഘത്തെ സഹായിക്കാനാണ് വിദഗ്ധ സംഘത്തെ അയക്കുന്നതെന്ന് എന്‍ടിഎസ്ബി അറിയിച്ചു. അന്വേഷണത്തിലെ മുഴുവന്‍ കണ്ടെത്തലുകളും ഇന്ത്യന്‍ സര്‍ക്കാരിനു കൈമാറുമെന്ന് ഏജന്‍സി അറിയിച്ചു.
അന്വേഷണത്തെ സഹായിക്കാന്‍ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്റെ എയര്‍ ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചും (എഎഐബി) വ്യക്തമാക്കിയിട്ടുണ്ട്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. അപകടം നടന്ന് ഒന്‍പത് മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിന്‍ഭാഗം കത്താതിരുന്നതിനാലാണ് വേഗത്തില്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്.
വിമാനത്തിന്റെ മുന്‍ഭാഗത്തെ കോക്ക്പിറ്റിലുള്ള സൗണ്ട് റെക്കേര്‍ഡര്‍ അടക്കം ഇനി കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള പരിശോധനകള്‍ ഇന്നലെ നടന്നിരുന്നു. ഇതോല്ലാം ലഭിച്ചാല്‍ മാത്രമേ അവസാന നിമിശം വിമാനത്തിനുള്ളില്‍ എന്തെല്ലാമാണ് നടന്നതെന്നും അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ സംസാരിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയൊള്ളൂ. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാാക്കുന്നത്. വ്യോമയാന മന്ത്രിയാണ് ഈ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഇന്നലെ ഉച്ചയ്ക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 265 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളും സമീപവാസികളും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.