പോസ്റ്റ് പിൻവലിക്കുന്നതുവരെ വാദം കേൾക്കില്ലെന്ന് കോടതി; ന്യൂസ് ലോൺട്രി ജേണലിസ്റ്റുകൾക്കെതിരായ എക്സ് പോസ്റ്റുകൾ പിൻവലിച്ച് അഭിജിത് അയ്യർ മിത്ര

ന്യൂസ് ലോൺട്രി വനിതാ ജീവനക്കാർക്കെതിരെ എക്‌സിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് അഭിജിത് അയ്യർക്കെതിരെ കേസ്

Update: 2025-05-21 08:16 GMT

ന്യൂഡൽഹി: എക്‌സിൽ പങ്കുവെച്ച അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കുന്നതുവരെ ന്യൂസ് ലോൺട്രിയിലെ വനിതാ ജീവനക്കാർ നൽകിയ മാനനഷ്ടക്കേസിൽ അഭിജിത് അയ്യർ മിത്രയുടെ വാദം കേൾക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. 'ഈ ലേഖനങ്ങൾ നിങ്ങൾക്ക് പ്രതിരോധിക്കാൻ കഴിയുമോ? പശ്ചാത്തലം എന്തുതന്നെയായാലും സ്ത്രീകൾക്കെതിരായ ഇത്തരം ഭാഷകൾ സമൂഹത്തിൽ അനുവദനീയമാണോ? നിങ്ങൾ ഇത് പിൻവലിച്ചാൽ മാത്രമേ ഞങ്ങൾ നിങ്ങളുടെ വാദം കേൾക്കൂ.' ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് പറഞ്ഞതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു.

പോസ്റ്റുകൾ ഉടൻ പിൻവലിക്കാമെന്ന് അഭിജിത് അയ്യർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി സമ്മതിച്ചു. 'പ്രതി ഉപയോഗിക്കുന്ന ഭാഷയുടെ സ്വഭാവം ഒരു പരിഷ്കൃത സമൂഹത്തിലും അനുവദനീയമല്ലെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് മനസിലായി'. കോടതി പറഞ്ഞു. അഭിജിത് അയ്യർ മിത്ര എക്‌സിൽ തങ്ങൾക്കെതിരെ ലൈംഗികമായി അധിക്ഷേപിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പോസ്റ്റ് ചെയ്തതായി ആരോപിച്ച് ന്യൂസ് ലോൺട്രിയിലെ വനിതാ ജീവനക്കാർ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.

ന്യൂസ് ലോൺട്രിയിലെ ഒമ്പത് വനിതാ മാധ്യമപ്രവർത്തകർ സമർപ്പിച്ച കേസിൽ അഭിജിത് മിത്രയോട് പൊതുമാപ്പ് പറയണമെന്നും മാനനഷ്ടത്തിന് നഷ്ടപരിഹാരമായി രണ്ട് കോടി രൂപ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയുടെ പരാമർശത്തിന് ശേഷം തനിക്ക് ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പോസ്റ്റുകൾ പിൻവലിക്കുമെന്നും അഭിജിത് അയ്യർ എക്‌സിൽ എഴുതി. 



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News