പൊലീസ്​ നടപടി ഭയന്ന്​ ജനം; സംഭലിൽ പൂട്ടിയിട്ടിരിക്കുന്നത്​ ആയിരത്തോളം വീടുകൾ

അറസ്റ്റ്​ പേടിച്ച്​​ പല കുടുംബങ്ങളും ഡൽഹിയിലാണ്​ കഴിയുന്നത്​

Update: 2025-02-18 04:42 GMT

ലഖ്​നൗ: മസ്​ജിദ്​ സർവേയെച്ചൊല്ലി സംഘർഷമുണ്ടായ ഉത്തർ പ്രദേശിലെ സംഭലിൽ പൊലീസ്​ നടപടി ഭയന്ന്​ കുടുംബങ്ങൾ. പലരും നാടുവിട്ട്​ പോയതിനാൽ ആയിരത്തോളം വീടുകൾ പൂട്ടിക്കിടക്കുകയാണെന്ന്​ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഹിന്ദ്പുര, കോട് ഗർവി നഖസ, ദീപ സരായ് പ്രദേശങ്ങളിലാണ് വീടുകൾ പൂട്ടിയിട്ടിരിക്കുന്നത്​. നിരവധി കുടുംബങ്ങൾ ഡൽഹിയിലുണ്ടെന്ന വിവരം പരിശോധിക്കാൻ പൊലീസ്​ സംഘം അവിടേക്ക്​ പോയിട്ടുണ്ട്​.

‘ആയിരത്തോളം വീടുകൾ പൂട്ടിക്കിടക്കുന്നു, കാരണം താമസക്കാർ തിരിച്ചെത്തിയിട്ടില്ല. നിരപരാധികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഞങ്ങൾ നിരന്തരം ഉറപ്പുനൽകുന്നുണ്ട്​’ -സംഭൽ പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ പറഞ്ഞു.

Advertising
Advertising

ചില കുടുംബങ്ങൾ വീട്ടിൽനിന്ന് മാറിനിൽക്കുന്നതിന്‍റെ കാരണങ്ങൾ അവരുടെ വീടുകളുടെ വാതിലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുടുംബാംഗത്തിന്‍റെ കാൻസർ ചികിത്സയ്ക്കായി തങ്ങൾ ഡൽഹിയിലാണെന്ന കുറിപ്പോടുകൂടിയ മെഡിക്കൽ റിപ്പോർട്ട് ഒരാൾ വാതിലിൽ പതിച്ചു.

അതേസമയം, അക്രമത്തിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ ചെലവ് യുപി സർക്കാർ വിലയിരുത്തുന്നുണ്ടെന്നാണ്​ വിവരം. അടുത്തയാഴ്ച കുറ്റപത്രം സമർപ്പിച്ച ശേഷം പ്രതികളിൽനിന്ന്​ നഷ്ടപരിഹാരം ഈടാക്കാനായി നോട്ടീസ് അയയ്ക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 76 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ 86 പേരെ പൊലീസ് തിരയുകയാണ്​. അതേസമയം, നിരപരാധികളെ പൊലീസ്​ വേട്ടയാടുകയാണെന്നാണ്​​ നാട്ടുകാരുടെ ആരോപണം.

ഹിന്ദു സംഘടനകളുടെ ഹരജിയിൽ 2024 നവംബർ 19ന് സംഭൽ സിവിൽ കോടതിയാണ് മസ്ജിദിൽ സർവേ നടത്താൻ ഉത്തരവിട്ടത്. മുഗൾ ഭരണകാലത്ത് നിർമിച്ച മസ്ജിദ് യഥാർഥത്തിൽ ഹരിഹർ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്‍റെ വാദം. സംഭൽ കോടതിയുടെ വിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തിയിരുന്നു.

രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷൻ നവംബർ 24ന് രണ്ടാംഘട്ട സർവേക്കായി മസ്ജിദിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. മസ്ജിദിനകത്ത് ഖനനം നടത്തുകയാണെന്ന് സംശയിച്ച് സംഘടിച്ചെത്തിയവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ യുപി സർക്കാർ നിയോഗിച്ചിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News