യുട്യൂബ് വഴിയാണ് സ്വര്‍ണം എങ്ങനെ ഒളിപ്പിക്കാമെന്ന് പഠിച്ചത്; മുന്‍പ് ഒരിക്കലും കള്ളക്കടത്ത് നടത്തിയിട്ടില്ലെന്ന രന്യ റാവു

കള്ളക്കടത്തിന് മുന്‍പായി അജ്ഞാത നമ്പറുകളിൽ നിന്ന് ഫോൺകോളുകൾ വരുന്നുണ്ടായിരുന്നുവെന്ന് രന്യ പറഞ്ഞു

Update: 2025-03-13 05:22 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവു ദുബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആദ്യമായാണ് സ്വർണം കടത്തുന്നതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. യുട്യൂബ് വീഡിയോകൾ കണ്ടാണ് സ്വർണ്ണക്കട്ടികൾ എങ്ങനെ ഒളിപ്പിക്കാമെന്ന് പഠിച്ചതെന്നും അവർ വെളിപ്പെടുത്തി.

കള്ളക്കടത്തിന് മുന്‍പായി അജ്ഞാത നമ്പറുകളിൽ നിന്ന് ഫോൺകോളുകൾ വരുന്നുണ്ടായിരുന്നുവെന്ന് രന്യ പറഞ്ഞു. "പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ രണ്ട് പാക്കറ്റുകളിലായിരുന്നു സ്വർണം. വിമാനത്താവളത്തിലെ വിശ്രമമുറിയിൽ വച്ച് ഞാൻ സ്വർണക്കട്ടികൾ എന്‍റെ ശരീരത്തിൽ ഘടിപ്പിച്ചു. ജീൻസിലും ഷൂസിലുമാണ് സ്വർണം ഒളിപ്പിച്ചത്. യുട്യൂബ് വീഡിയോകളിൽ നിന്നാണ് ഇത് പഠിച്ചത്," നടി വ്യക്തമാക്കി. "ദുബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഞാൻ സ്വർണം നടത്തുന്നത് ഇതാദ്യമായാണ്. ഞാൻ ഇതിനുമുമ്പ് ഒരിക്കലും ദുബൈയിൽ നിന്ന് സ്വർണം കൊണ്ടുവരുകയോ വാങ്ങുകയോ ചെയ്തിട്ടില്ല'' ഡിആർഐ ഉദ്യോഗസ്ഥരോട് താൻ മുമ്പ് നൽകിയ പ്രസ്താവനകൾക്ക് വിരുദ്ധമായി അവർ പറഞ്ഞു.

Advertising
Advertising

“മാർച്ച് 1 ന് എനിക്ക് ഒരു വിദേശ ഫോൺ നമ്പറിൽ നിന്ന് ഒരു കോൾ ലഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി എനിക്ക് അജ്ഞാത വിദേശ നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നുണ്ടായിരുന്നു. ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ 3 ലെ ഗേറ്റ് എയിലേക്ക് പോകാൻ എന്നോട് നിർദേശിച്ചു. അവിടെ നിന്ന് സ്വർണം ശേഖരിച്ച് ബെംഗളൂരുവിൽ എത്തിക്കാൻ എന്നോട് പറഞ്ഞു'' രന്യയുടെ വാക്കുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ തന്നെ വിളിച്ച ആളെക്കുറിച്ച് ഒന്നും അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്‍റെ ദത്തുപുത്രിയായ രന്യ 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ മാര്‍ച്ച് 3ന് ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് പിടിയിലാകുന്നത്. തുടര്‍ന്ന രന്യയെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കി.കോടതി മാര്‍ച്ച് 18 വരെ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിസിനസ് ആവശ്യങ്ങൾക്കാണ് ദുബൈയിലേക്ക് പോയതെന്നാണ് ചോദ്യംചെയ്യലിൽ രന്യ വ്യക്തമാക്കിയത്.

അതേസമയം കേസിൽ സിബിഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ബെംഗളൂരുവിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. അന്വേഷണം ഉദ്യോഗസ്ഥർ രന്യയുടെ വസതിയിലേക്കും, കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്‍റ് ബോർഡ് (കെഐഎഡിബി) ഓഫീസിലേക്കും നടിയുടെ വിവാഹം നടന്ന ഹോട്ടലിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

വിവാഹത്തിൽ പങ്കെടുത്തവരെയും നടിക്ക് വിലകൂടിയ വസ്തുക്കൾ സമ്മാനമായി നൽകിയവരെയും തിരിച്ചറിയുന്നതിനായി സിബിഐ വിവാഹ ദൃശ്യങ്ങളും അതിഥികളുടെ ലിസ്റ്റും സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കള്ളക്കടത്ത് കേസുമായുള്ള സാധ്യതയുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, രന്യയും വിലകൂടിയ സമ്മാനങ്ങൾ നൽകിയ വ്യക്തികളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News