സിനിമയിലെ സ്ഥിരം രാഷ്ട്രീയക്കാരന്‍; നടന്‍ സായാജി ഷിൻഡെ അജിത് പവാറിന്‍റെ എന്‍സിപിയില്‍ ചേര്‍ന്നു

ഷിൻഡെയുടെ സംഭാവനകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അജിത് പവാർ, പാർട്ടിയിൽ താരത്തിന് അർഹമായ ബഹുമാനം നൽകുമെന്നും കൂട്ടിച്ചേര്‍ത്തു

Update: 2024-10-12 03:35 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: തെന്നിന്ത്യന്‍ നടന്‍ സായാജി ഷിൻഡെ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നു. അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുംബൈയില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, എൻസിപി വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന യൂണിറ്റ് മേധാവി സുനിൽ തത്കരെ എന്നിവർ ചേർന്ന് ഷിൻഡെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഷിൻഡെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത അജിത് പവാർ, സംസ്ഥാന തെരഞ്ഞെടുപ്പിൽ എൻസിപിയുടെ താരപ്രചാരകരില്‍ ഒരാളായിരിക്കുമെന്നും വരും ദിവസങ്ങളിൽ നിരവധി പ്രമുഖർ പാർട്ടിയിൽ ചേര്‍ന്നേക്കുമെന്നും പറഞ്ഞു. ഷിൻഡെയുടെ സംഭാവനകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അജിത് പവാർ, പാർട്ടിയിൽ താരത്തിന് അർഹമായ ബഹുമാനം നൽകുമെന്നും കൂട്ടിച്ചേര്‍ത്തു. "ഞങ്ങളുടെ പാർട്ടിയിലേക്ക് സായാജിറാവു ഷിൻഡെയെ സ്വാഗതം ചെയ്യുന്നു. ഞാൻ അധികം സിനിമകൾ കാണാറില്ല, പക്ഷേ സായാജിറാവുവിൻ്റെ സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സംഘത്തോടൊപ്പം അദ്ദേഹം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു," ഷിൻഡെയെ സ്വാഗതം ചെയ്തുകൊണ്ട് അജിത് പവാർ പറഞ്ഞു.

Advertising
Advertising

നിരവധി ചിത്രങ്ങളില്‍ താന്‍ രാഷ്ട്രീയക്കാരനായി അഭിനയിച്ചിട്ടുണ്ടെന്നും അജിത് പവാറിൻ്റെ പ്രവർത്തന ശൈലി തന്നെ ആകർഷിച്ചുവെന്നും കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ, താന്‍ സിസ്റ്റത്തിൻ്റെ ഭാഗമാകേണ്ടതുണ്ടെന്നും സയാജി വ്യക്തമാക്കി. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ ജനിച്ച ഷിൻഡെ മറാത്തി നാടകങ്ങളിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 1999ല്‍ 'ശൂല്‍' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സയാജി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം തിളങ്ങിയത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഗുജറാത്തി, ഭോജ്പുരി ഭാഷകളില്‍ സജീവമാണ്. ഷിന്‍ഡെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണെന്ന് എന്‍സിപി നേതാവ് ഛഗൻ ഭുജ്ബൽ പറഞ്ഞു. മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ അവാർഡ് ഉൾപ്പെടെ ഷിൻഡെയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News