വിമർശനങ്ങൾ രാജ്യത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തരുത്; കോവിഡിൽ മോദി സർക്കാറിനെ പിന്തുണച്ച് അദാനി

സർക്കാറിന്റെ വാക്‌സിനേഷൻ നയത്തെയും അദാനി പ്രകീർത്തിച്ചു

Update: 2021-09-21 10:52 GMT
Editor : abs | By : abs

മുംബൈ: കോവിഡ് മഹാമാരി കൈകാര്യം ചെയ്ത കേന്ദ്രസർക്കാർ രീതിയെ പ്രശംസിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. എല്ലാ കാര്യങ്ങളിലും വിമർശങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാകരുതെന്നും അദ്ദേഹം പറഞ്ഞു. ജെപി മോർഗൻ ഇന്ത്യ ഇൻവസ്റ്റർ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദാനി.

'ഒരുപക്ഷേ, നമുക്ക് കുറച്ചുകൂടി നന്നായി കാര്യങ്ങൾ ചെയ്യാമായിരുന്നു. നഷ്ടപ്പെട്ട ജീവനുകൾ വേദനയാണ്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യ വലിയ വെല്ലുവിളിയായി മാറി. യൂറോപ്പും വടക്കേ അമേരിക്കയും ഒഷ്യാനിയയും ചേർന്നാൽ ഇന്ത്യയുടെ അത്ര ആളുകൾ വരില്ല. ഇക്കാര്യത്തിൽ വിമർശനങ്ങൾ ഇല്ലെന്നല്ല. ജനാധിപത്യത്തിൽ ഉത്തരവാദിത്വങ്ങളുണ്ട്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോവിഡ് കൈകാര്യം ചെയ്തതിലെ ക്രിയാത്മകതയും കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'കുറ്റപ്പെടുത്തി പിഴവ് ചൂണ്ടിക്കാട്ടും മുമ്പ്, ഇതിന്റെ ക്രിയാത്മക വശങ്ങളും കാണേണ്ടതുണ്ട്. വിമർശനം രാജ്യത്തിന്റെ അന്തസ്സിനെ കളങ്കപ്പടുത്തിയാകരുത്.'- അദാനി പറഞ്ഞു.

സർക്കാറിന്റെ വാക്‌സിനേഷൻ നയത്തെയും അദ്ദേഹം പ്രകീർത്തിച്ചു. 'യുഎസിൽ ഇപ്പോൾ എട്ടു ലക്ഷം പേർക്കാണ് ദിനംപ്രതി വാക്‌സിൻ നൽകുന്നത്. ഇന്ത്യയിൽ ദിവസം ഒരു കോടി പേർക്ക് കുത്തിവയ്പ്പ് നടത്തുന്നുണ്ട്. പ്രതിസന്ധികൾ മറികടന്നുള്ള രാജ്യത്തിന്റെ വാക്‌സിനേഷൻ പദ്ധതി തുല്യതയില്ലാത്തതാണ്.'- അദാനി കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News