‘നിലവാരം കുറഞ്ഞ കൽക്കരി അദാനി കൂടിയ വിലക്ക് ഇന്ത്യയിൽ വിറ്റു’ അഴിമതികളുടെ റിപ്പോർട്ട് പുറത്ത് വിട്ട് ഫിനാൻഷ്യൽ ടൈംസ്

പൊതുമേഖലയിലെ വൈദ്യൂതി കമ്പനികൾക്കാണ് അദാനി ഗ്രൂപ്പ് നിലവാരം കുറഞ്ഞ കൽക്കരി വാങ്ങി മൂന്നിരട്ടി വിലക്ക് മറിച്ചു വിറ്റത്

Update: 2024-05-22 14:58 GMT
Editor : Anas Aseen | By : Web Desk
Advertising

ന്യൂഡൽഹി: ഗുണനിലവാരം കുറഞ്ഞ കൽക്കരി കൊള്ളവിലക്ക് രാജ്യത്തിന് വിറ്റ് അദാനി ഗ്രൂപ്പ് കോടികൾ കൊയ്യു​ന്നതിന്റെ തെളിവുകൾ പുറത്ത് വിട്ട് ഫിനാൻഷ്യൽ ടൈംസ്. പൊതുമേഖലയിലെ വൈദ്യുതി കമ്പനികൾക്കാണ് അദാനി ഗ്രൂപ്പ് നിലവാരം കുറഞ്ഞ കൽക്കരി വാങ്ങി മറിച്ചു വിറ്റത്. രാജ്യത്ത് തന്നെ ഏറ്റവും വലിയ കൽക്കരി ഇറക്കുമതി ചെയ്യുന്ന കമ്പനിയാണ് അദാനി ഗ്രൂപ്പ്. സ്വകാര്യമേഖലയിൽ കൽക്കരി ഉൽപ്പാദിപ്പിക്കുന്നതിലും മുന്നിലാണ് കമ്പനി.

ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (OCCRP)ആണ് അദാനി ഗ്രൂപ്പി​െൻ നേതൃത്വത്തിൽ നടന്ന കൽക്കരി കുംഭകോണത്തെ പറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ടാണ് ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവാരം കുറഞ്ഞ കൽക്കരി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത് വഴി അമിതചെലവുണ്ടാകുന്നതിനൊപ്പം പരിസ്ഥിതിക്കും വലിയ ആഘാതമുണ്ടാക്കിയതായും വിലയിരുത്തപ്പെടുന്നു. കൽക്കരി ഇടപാടിലെ അഴിമതികൾ നിരവധി തവണ വാർത്തയാപ്പോ​ഴെല്ലാം അദാനി സാന്നിധ്യത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന്പ്രതിപക്ഷ പാർട്ടികൾ പലകുറി ആവർത്തിച്ചിരുന്നു. എന്നാൽ അതിലൊന്നും കാര്യമായ അന്വേഷണം നടത്താൻ അധികൃതർ ഒരിക്കലും തയാറായിരുന്നില്ല.

അഴിമതിയുടെ പത്ത് വർഷങ്ങൾ

2014 ജനുവരിയിലാണ് അഴിമതിയുടെ തുടക്കം. തമിഴ്നാട്ടിലെ വൈദ്യുതി നിർമാതാക്കളായ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷന് (ടാൻഗെഡ്കോ) വിറ്റ കൽക്കരിയിലാണ് വൻ അഴിമതി നടന്നിരിക്കുന്നത്. 6000 കെ.സി.എ.എല്‍ കലോറി മൂല്യമുള്ള കൽക്കരി ടണ്ണിന് 91 ഡോളർ നിരക്കിൽ നൽകാമെന്നായിരുന്നു അദാനി ഗ്ലോബലും ടാൻഗെഡ്കോയും തമ്മിലുള്ള കരാർ.

എന്നാൽ ഇന്തോനേഷ്യയിൽ നിന്ന് വാങ്ങിയ 3500 കെ.സി.എ.എൽ കലോറി മൂല്യമുള്ള കൽക്കരിയാണ് അദാനി ഇറക്കുമതി ചെയ്തത്. ഈ കൽക്കരിക്ക് ടണിന് 28 ഡോളർ ആണ് വില. ഈ കൽക്കരിയാണ് 6000 കെ.സി.എ.എല്‍ കലോറി മൂല്യമുള്ള കൽക്കരിയെന്ന ​പേരിൽ ടണ്ണിന് 91 ഡോളർ ഈടാക്കി അദാനി വിറ്റത്. ഇതു വഴി ശതകോടികളുടെ തട്ടിപ്പാണ് നടന്നത്.

ഇന്തോനേഷ്യയിൽ നിന്ന് കൽക്കരി കയറ്റുമതി ചെയ്യുമ്പോൾ നിലവാരം കുറഞ്ഞ കൽക്കരിയെന്നാണ് രേഖകളിലുണ്ടായിരുന്നത്. ആ കൽക്കരി കപ്പൽമാർഗം ചെന്നൈയിലെത്തിച്ചതിന്റെയും അതിനായി നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളും ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 ജനുവരി 9 നാണ് കൽക്കരിയുമായി ഇന്തോനേഷ്യയിൽ നിന്ന് എം.വി കല്ലിയോപ്പി-എൽ എന്ന കപ്പൽ പുറപ്പെടുന്നത്. 14 ദിവസം നീണ്ട യാത്രക്കൊടുവിൽ ആ കപ്പൽ അതേ കൽക്കരിയുമായി ചെന്നൈ തുറമുഖത്തെത്തുമ്പോൾ രേഖകളിൽ മുന്തിയ നിലവാരമുള്ളതും ശുദ്ധീകരിക്കപ്പെട്ടതുമായ കൽക്കരിയായി മാറി. ആ കപ്പലിൽ 69,925 ടൺ കൽക്കരിയായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തിൽ 2.1 ദശലക്ഷം ടൺ കൽക്കരിയാണ് പലപ്പോഴായി തമിഴ്നാട്ടിലെത്തിയത്.


 



ഗുണനിലവാരമില്ലാത്ത കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതുമൂലം വൻതോതിൽ മലിനീകരണമാണുണ്ടാകുന്ന​തെന്ന് പഠനങ്ങൾ പറയുന്നു. ദ ലാൻസെറ്റിൽ 2022-ൽ പുറത്തുവിട്ട പഠനമനുസരിച്ച് ഇന്ത്യയിൽ ഓരോ വർഷവും 2 മില്യണിലധികം ആളുകൾ ഔട്ട്ഡോർ വായു മലിനീകരണത്താൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. കൽക്കരി വൈദ്യുത നിലയങ്ങൾക്ക് ചുറ്റുമുള്ള കുട്ടികളുടെ മരണത്തിൽ ഗണ്യമായ വർദ്ധനവ് കണ്ടെത്തിയതായും പഠനം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കൽക്കരി തട്ടിപ്പിലെ ആരോപണങ്ങൾ അദാനി നിഷേധിച്ചു. ഗുണനിലവാരം കുറഞ്ഞ കൽക്കരി വിതരണം ചെയ്യുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് കമ്പനി പ്രതികരിച്ചതായി ഫിനാൻഷ്യൽ ടൈംസ് വ്യക്തമാക്കുന്നു.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ അരപ്പോർ ഇയക്കം, 2018-ൽ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ഡയറക്ടറേറ്റിന് നൽകിയ പരാതിയിൽ കൽക്കരി ഇടപാടുകളിൽ ആരോപിച്ചിരുന്നു. കൽക്കരിക്ക് കമ്പോള വിലയേക്കാൾ കൂടുതൽ തുക ടാംഗഡ്‌കോ നൽകിയെന്നും ടെൻഡറുകളിലും പർച്ചേസ് ഓർഡറുകളിലുമുള്ള നിലവാരമുള്ള കൽക്കരിയല്ല കമ്പനിയിലെത്തിയതെന്നും അവർ ആരോപിച്ചിരുന്നു. 2012 നും 2016 നും ഇടയിൽ ടാംഗഡ്‌കോ സംഭരിച്ചവയിൽ 60 ബില്യൺ വിലമതിക്കുന്ന കൽക്കരി ഉപയോഗശൂന്യമായി. ഇതിൽ പകുതിയോളം അദാനി വിതരണം ചെയതതാണ്. അത്രയും കണക്കുകൂട്ടിയാൽ 3,000 കോടി രൂപ കടക്കുമെന്ന് എൻജിഒയുടെ കൺവീനർ ജയറാം വെങ്കിടേശൻ പറഞ്ഞു. 

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News