സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ രാഹുൽ ഗാന്ധിയോട് അനാദരവ്; ഇരിപ്പിടം നൽകിയത് പ്രോട്ടോകോൾ പാലിക്കാതെ

പ്രതിപക്ഷ നേതാവിന് മുൻ നിരയിൽ സീറ്റ് നൽകണമെന്നതാണ് പ്രോട്ടോകോൾ. രാഹുൽഗാന്ധിക്ക് പിൻനിരയിലാണ് സീറ്റ് നൽകിയത്

Update: 2024-08-15 08:24 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍. 

ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.  കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്.

Advertising
Advertising

അവസാന നിരയിലാണ് രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നത്. മനു ഭക്കർ, സരബ്ജ്യോത് സിങ് തുടങ്ങിയ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായിരുന്നു മുൻ നിരയില്‍. ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, മലയാളി താരം പി.ആർ ശ്രീജേഷ് എന്നിവര്‍ക്കും രാഹുൽ ഗാന്ധിക്ക് മുന്നിലാണ് ഇരിപ്പിടം കിട്ടിയത്. 

മുൻനിരയിൽ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ് ജയശങ്കർ എന്നിവർ ഉണ്ടായിരുന്നു. കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ പദവി, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനുണ്ടെങ്കിലും പിന്‍ നിരയിലാണ് സീറ്റ് അനുവദിച്ചത്. 

അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിലുള്ള എന്‍.ഡി.എ  ഭരണകാലത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് ഒന്നാം നിരയിലാണ് സീറ്റ് അനുവദിച്ചിരുന്നത്. അതേസമയം രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്ത് എത്തി.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് മുൻ നിരയിലെ സീറ്റുകള്‍ അനുവദിച്ചതിനാലാണ് രാഹുൽ ഗാന്ധിയെ പിന്നോട്ട് മാറ്റേണ്ടി വന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിന പരിപാടിയുടെ നടത്തിപ്പും ഇരിപ്പിടം തയ്യാറാക്കുന്നതുമൊക്കെ പ്രതിരോധ മന്ത്രാലയമാണ്. 

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നൂറിലേറെ സീറ്റ് ലഭിച്ചതോടെയാണ് പത്ത് വര്‍ഷം കാലിയായിരുന്ന പ്രതിപക്ഷനേതാവ് പദവിക്ക് അവകാശിയായത്. 99 സീറ്റുകളാണ് ലഭിച്ചതെങ്കിലും സ്വതന്ത്രരായി മത്സരിച്ച ചില അംഗങ്ങൾ കോൺഗ്രസിനൊപ്പം ചേർന്നതോടെയാണ് 100 കടന്നത്. 2014, 2019 പൊതു തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 44, 52 സീറ്റുകൾ കോൺഗ്രസ് നേടിയതിനാൽ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹതയുണ്ടായിരുന്നില്ല.

അതേസമയം സര്‍ക്കാരിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവ് എന്ന പദവിയെ അപമാനിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നാണ് വിമര്‍ശനം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News