പഞ്ചാബിന് പിന്നാലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് എ.എ.പി

മാറ്റത്തിനായുള്ള ആഗ്രഹം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് എ.എ.പി നേതാക്കള്‍

Update: 2022-03-12 12:13 GMT
Advertising

പഞ്ചാബിലെ മിന്നും ജയത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി കണ്ണുവെച്ചിരിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം പാർട്ടി പദയാത്രകൾ നടത്തും. ബി ആർ അംബേദ്കറുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ഏപ്രിൽ 14ന് തെലങ്കാനയിലാണ് ആദ്യം പദയാത്ര നടത്തുക.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും എ.എ.പി സ്വാധീനം വര്‍ധിപ്പിക്കാനായി പദയാത്ര നടത്തും. തിയ്യതി പാർട്ടി പിന്നീട് പ്രഖ്യാപിക്കുമെന്ന് തെലങ്കാനയുടെ ചുമതലയുള്ള നേതാവ് സോമനാഥ് ഭാരതി പറഞ്ഞു. ഡല്‍ഹി മോഡല്‍ ഭരണത്തെ കുറിച്ചും ഡല്‍ഹിയില്‍ എ.എ.പി ഭരണത്തിലെത്തിയ ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും ഈ പദയാത്രകളിൽ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"പഞ്ചാബിലെ എ.എ.പിയുടെ വിജയത്തിന് ശേഷം ദക്ഷിണേന്ത്യയിൽ നിന്ന് അഭൂതപൂർവമായ പ്രതികരണമാണ് ലഭിക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തിനു പകരം കെജ്‌രിവാളിന്‍റെ ഭരണ മാതൃകയും പ്രതിബദ്ധതയും ആളുകളെ ആകർഷിക്കുന്നു. ഞങ്ങളുടെ ആദ്യ പദയാത്ര തെലങ്കാനയിൽ നടക്കും. ഇതിലൂടെ കെജ്‌രിവാളിന്റെ രാഷ്ട്രീയവും ബാബാ സാഹിബ് അംബേദ്കറുടെയും ഭഗത് സിങിന്‍റെയും ആദർശങ്ങളും ഞങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും"- സോമനാഥ് ഭാരതി പറഞ്ഞു.

മാറ്റത്തിനായുള്ള ആഗ്രഹം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് സോമനാഥ് ഭാരതി അവകാശപ്പെട്ടു- "തെലങ്കാന രൂപീകരിക്കപ്പെട്ടത് 60 വർഷം നീണ്ട പോരാട്ടത്തിനും എണ്ണമറ്റ ത്യാഗങ്ങൾക്കും ശേഷമാണ്. കെ ചന്ദ്രശേഖര്‍ റാവു ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല- എസ്‌സി മുഖ്യമന്ത്രി, എല്ലാ കുടുംബങ്ങൾക്കും ഭൂമി, 125 അടി ഉയരമുള്ള ഡോ ബി ആർ അംബേദ്കറുടെ പ്രതിമ തുടങ്ങിയ വന്‍ വാഗ്ദാനങ്ങളാണ് സമര കാലത്ത് കെസിആര്‍ നല്‍കിയത്"- സോമഭാരതി പറഞ്ഞു. തെലങ്കാനയില്‍ അംഗത്വ കാമ്പെയ്ന്‍ ആരംഭിക്കാനും എ.എ.പി തീരുമാനിച്ചിട്ടുണ്ട്.

പഞ്ചാബിലെ വിജയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് ശക്തമായ സന്ദേശമാണ് നൽകിയതെന്ന് എ.എ.പി തമിഴ്നാട് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധ പറഞ്ഞു- "ദക്ഷിണേന്ത്യയിലെ ജനങ്ങൾ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നയങ്ങൾക്ക് എതിരാണ്. തമിഴ്‌നാട്ടിൽ കർഷകരുടെ പ്രശ്‌നങ്ങളും ജലക്ഷാമവും വലിയ പ്രശ്‌നങ്ങളാണെങ്കിലും കേന്ദ്രവും സംസ്ഥാന സർക്കാരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല"

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News