പ്രതിഷേധം വ്യാപകം; അഗ്നിപഥ് പദ്ധതിയിൽ മാറ്റത്തിന് തയാറായി കേന്ദ്ര സർക്കാർ

ഉയർന്ന പ്രായപരിധിയിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്‌

Update: 2022-06-16 18:35 GMT
Editor : Nidhin | By : Nidhin
Advertising

ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെൻറ് പദ്ധതിയായ അഗ്‌നിപഥിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പദ്ധതിയിൽ മാറ്റത്തിന് തയാറായി കേന്ദ്രസർക്കാർ. പദ്ധതിയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 വയസാക്കി നിശ്ചയിച്ചു.

പദ്ധതിയിലൂടെ യുവാക്കൾക്ക് തൊഴിലവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നാണ് വിശദീകരണം.

സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്. നടപടി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം എൻഡിഎയിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

നാല് വർഷത്തേക്ക് മാത്രമായി പ്രതിവർഷം 46000 യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യാൻ ആണ് കേന്ദ്ര സർക്കാർ അഗ്‌നിപഥ് എന്ന പദ്ധതിയിലൂടെ ലക്ഷ്യം വക്കുന്നത്. സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിൻറെ നയത്തിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധമാണ് അക്രമ സംഭവങ്ങളിലേക്ക് വഴിമാറിയത്. ബീഹാറിലെ നവാഡയിൽ പ്രതിഷേധക്കാർ ബിജെപി ഓഫീസ് ആക്രമിക്കുകയും ബിജെപി എംഎൽഎ അരുണാ ദേവിയുടെ വാഹനം തകർക്കുകയും ചെയ്തു.ഇന്നലെയും ഇന്നുമായി 3 ട്രെയിനുകൾ ബീഹാറിൽ അഗ്‌നിക്കിരയായപ്പോൾ ഗ്വാളിയോറിൽ വെച്ച് തിരുവനന്തപുരം നിസാമുദ്ധീൻ സ്വർണ ജയന്തി എക്‌സ്പ്രസ് ആക്രമിക്കപ്പെട്ടു.

രാജസ്ഥാനിലെ ജയ്പൂരിലും ഡൽഹിയിലെ നംഗ്ലോയ് റെയിൽവേ സ്റ്റേഷനിലും പ്രക്ഷോഭകാരികൾ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതിന് തുടർന്ന് ഇന്ത്യൻ റെയിൽവേ 22 സർവീസുകൾ റദ്ധാക്കി. ആഗ്രയിലും ജോധ്പൂരിലും പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. ഹരിയാനയിലെ പൽവാലിൽ പ്രതിഷേധത്തിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് പ്രദേശത്തെ ഇന്റർനെറ്റ് മൊബൈൽ സേവനങ്ങൾ സർക്കാർ നിർത്തി വെച്ചു. ബീഹാറിലെ ഗയ, ബബുവ , മംഗർ, ആര , ചാപ്ര, ജഹാനാബാദ്, സഹർസ എന്നിവിടങ്ങളിലും ഉത്തർപ്രദേശിലെ മീററ്റ്, ഉന്നാവോ, ഹത്രാസ്, ഫിറോസാബാദ് എന്നിവിടങ്ങളിലും ഹരിയാനയിലെ ചർക്കി ദാദ്രി, റിവാരി എന്നിവിടങ്ങളിലും നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിലാണ് കലാശിച്ചത്. അഗ്‌നിപഥ് പദ്ധതി രാജ്യത്തിന്റെ സുരക്ഷയ്ക്ക് പൂർണ ഉറപ്പ് നൽകുന്നത് അല്ലെന്നും പരമ്പരാഗത സൈനിക പരിശീലന സംവിധാനത്തെ ഇല്ലാതാക്കുന്നത് ആണെന്നും പി ചിദംബരം ആരോപിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Nidhin

contributor

Similar News