ആളിക്കത്തി അഗ്നിപഥ്; ഉത്തരേന്ത്യയില്‍ പ്രതിഷേധം രൂക്ഷം, ബിഹാറിൽ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു

പ്രതിഷേധം തണുപ്പിക്കാൻ കൂടുതൽ തൊഴിൽ സംവരണം നടപ്പാക്കുമെന്ന ഉറപ്പുമായി കേന്ദ്ര സർക്കാർ

Update: 2022-06-18 13:55 GMT

പാട്ന: അഗ്നിപഥ് പദ്ധതിക്കെതിരെ നാലാം ദിനത്തിലും ബീഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തം. റെയിൽവെ സ്റ്റേഷനിലുണ്ടായ വെടിവെപ്പിനെ തുടർന്ന് ബിഹാറിൽ നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി വെച്ചു.

ബിഹാറിലെ 15 ജില്ലകളില്‍ നാലാം ദിവസവും അഗ്നിപഥിനെതിരായ പ്രതിഷേധം ശക്തമായിരുന്നു. വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദിനെ ആർ.ജെ.ഡി പിന്തുണച്ചതോടെ ബിഹാറിലെ ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണമായി. പാട്നയിൽ വിലക്ക് മറികടന്ന് ഡാക്ക് ബംഗ്ലാവിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Advertising
Advertising

രാജ്ഭവനിലേക്ക് ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിൽ നടന്ന മാർച്ച് പൊലീസ് തടഞ്ഞെങ്കിലും അദ്ദേഹത്തെ പൊലീസ് വാഹനത്തിൽ രാജ്ഭവനിലെത്തിച്ചു. ഭക്സറിലും, പുൻപിനിലും പ്രതിഷേധക്കാർ റോഡിൽ തീയിട്ടു. തരെഗ്നയിൽ റെയിൽവേ സ്റ്റേഷൻ ആക്രമിച്ച പ്രതിഷേധക്കാർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. കോൺഗ്രസ് അഗ്നിപഥിനെതിരെ നാളെ ഡൽഹിയിൽ സമരം നടത്തും. പഞ്ചാബ്, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടുതൽ കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ കൂടുതൽ അവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ തൊഴിൽ സംവരണം നടപ്പാക്കുമെന്നാണ് ആഭ്യന്തര- പ്രതിരോധ മന്ത്രാലയങ്ങൾ അറിയിക്കുന്നത്. അഗ്നിപഥ് പദ്ധതിയില്‍ അംഗമായി സൈനിക സേവനം പൂര്‍ത്തിയാക്കുന്ന അഗ്നിവീരർക്കു അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ തൊഴിൽ സംവരണം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര- പ്രതിരോധ മന്ത്രാലയങ്ങൾ പ്രഖ്യാപിച്ചു. അസം റൈഫിള്‍സ്, കേന്ദ്ര- സംസ്ഥാന പോലീസ്, തീരസംരക്ഷണ സേന, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പത്ത് ശതമാനം ജോലി സംവരണം പ്രഖ്യാപിച്ചത്.

ബോധവൽക്കരണം നടത്തി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. നിയമനത്തിനുള്ള പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവ് നൽകും. ആദ്യ ബാച്ചിന് അഞ്ച് വർഷം വരെ ഇളവുണ്ടാകും. വരും ദിവസങ്ങളിൽ വിജ്ഞാപനം ഉൾപ്പെടെ നടപടിയുണ്ടാകും.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News