വോട്ടര്‍പട്ടിക ക്രമക്കേട്: പവാറിനെ കണ്ട് സഞ്ജയ് റാവത്ത്; മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന്റെ നിർണായക കൂടിക്കാഴ്ചകൾ
വോട്ടർ പട്ടികയുടെ വാർഡ് തിരിച്ചുള്ള പരിശോധനയാണ് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നടത്തുന്നത്
മുംബൈ: വോട്ടർ പട്ടികയിലെ ക്രമക്കേടുകള്‍ ഉന്നയിച്ച് പ്രതിപക്ഷം സംഘടിപ്പിക്കുന്ന മാര്‍ച്ചിന് മുന്നോടിയായി നേതാക്കള്‍ പരസ്പരം കാണുന്നു. നവംബര്‍ ഒന്നിനാണ് പ്രതിഷേധ മാര്‍ച്ച്.
ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് എൻസിപി (എസ്പി) പ്രസിഡന്റ് ശരദ് പവാറിനെ സന്ദര്‍ശിച്ചു. മുംബൈയിലെ പവാറിന്റെ വീട്ടിലെത്തിയായിരുന്നു ഇന്നലെ ചര്‍ച്ച നടത്തിയത്. മാർച്ചുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ, മഹാരാഷ്ട്രയുടെ എഐസിസി ചുമതലയുള്ള രമേശ് ചെന്നിത്തല, മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്‌ക്‌വാദ് എന്നിവരുമായും ആശയവിനിമയം നടത്തിയെന്നും അദ്ദേഹം സഞ്ജയ് റാവത്ത് പറഞ്ഞു.
വോട്ടര്‍ ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്നും ഇതുമായി മുന്നോട്ടുപോയാല്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയില്‍ സംശയം ഉയരുമെന്നും പ്രതിപക്ഷം പറയുന്നു.
പ്രതിഷേധ മാർച്ചിന്റെ സംഘാടനത്തെക്കുറിച്ച് നേതാക്കൾക്ക് ഉദ്ധവ് താക്കറെ മാർഗനിർദേശം നൽകുകയും അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പ്രതിഷേധം സർക്കാരിനെതിരെയല്ലെന്നും സത്യത്തിനുവേണ്ടിയാണെന്നും ഉദ്ധവ് താക്കറെ പറയുന്നു. വ്യാജ വോട്ടർമാർക്കെതിരെയും ജനാധിപത്യം സംരക്ഷിക്കുന്നതിനുമാണ് ഞങ്ങൾ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വോട്ടർ പട്ടികയുടെ വാർഡ് തിരിച്ചുള്ള പരിശോധനയാണ് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നടത്തുന്നത്. വോട്ടർ പട്ടികയിലെ അപാകതകളെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കാൻ പാർട്ടി പ്രസിഡന്റ് രാജ് താക്കറെ എല്ലാ ശാഖ പ്രമുഖരോടും നിർദ്ദേശിച്ചിട്ടുണ്ട്.