ഖൊരഗ്പൂര്‍ എയിംസ് ഡയരക്ടറെ ഹൃദയ ചികിത്സക്ക് സ്വകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു; വിവാദം
ആരോഗ്യരംഗത്ത് രാജ്യത്തെ തന്നെ മുന്‍നിര സ്ഥാപനമായ എയിംസില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തതാണ് വിവാദമായത്
ലഖ്‌നൗ: യുപിയിലെ ഖൊരഗ്പൂര്‍ എയിംസ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ റിട്ട. മേജര്‍ ജനറല്‍ വിഭ ദത്തയെ ഹൃദയ ചികിത്സക്ക് സ്വകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തത് വിവാദത്തില്‍. ആരോഗ്യരംഗത്ത് രാജ്യത്തെ തന്നെ മുന്‍നിര സ്ഥാപനമായ എയിംസില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തതാണ് വിവാദമായത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൃദയചികിത്സയുമായി ബന്ധപ്പെട്ട കാത്ത്‌ലാബ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാത്ത സാഹചര്യത്തിലാണിത്.
കഴിഞ്ഞ ബുധനാഴ്ചയാണ് വിഭ ദത്തയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. തുടര്‍ന്ന് ഇവരെ ആദ്യം ഗൊരഖ്പുര്‍ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സ നല്‍കിയതോടെ ആരോഗ്യനില മെച്ചപ്പെട്ടു. പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി വൈകീട്ട് അഞ്ചോടെ കാത് ലാബ് സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പേസ്മേക്കര്‍ ആവശ്യമായി വരുമോയെന്ന പരിശോധനയാണ് സ്വകാര്യ ആശുപത്രിയില്‍ നടത്തിയത്. എന്നാല്‍ പരിശോധനകള്‍ക്കൊടുവില്‍ പേസ്മേക്കര്‍ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. രാത്രി എട്ടോടെ അവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ എയിംസിലെ കാത് ലാബ് സൗകര്യത്തിന്റെ പോരായ്മയാണ് ചര്‍ച്ചയായത്. അതേസമയം, കാത്ത് ലാബ് സ്ഥാപിക്കുന്നതിനുള്ള 70 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായതായി എയിംസ് അധികൃതര്‍ അറിയിച്ചിരുന്നു. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും യന്ത്രസാമഗ്രികളും എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഡിസംബറോടെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.
കാത് ലാബ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോഗ്രാഫി, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും എയിംസില്‍ തന്നെ സൗകര്യമൊരുങ്ങും. ഗൊരഖ്പുരിനും ഉത്തര്‍പ്രദേശിലെ മറ്റ് ജില്ലകള്‍ക്കും അയല്‍സംസ്ഥാനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.