ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതി വിധി അന്യായവും നിയമവിരുദ്ധവും; അവിടെ ക്ഷേത്രമുണ്ടായിരുന്നതിന് ഒരു തെളിവുമില്ല: ചരിത്രകാരൻ ഇർഫാൻ ഹബീബ്

അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന് കോടതി അനുമാനിക്കുക മാത്രമാണ് ചെയ്തതെന്നും ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലെന്നും ഇർഫാൻ ഹബീബ് ചൂണ്ടിക്കാട്ടി

Update: 2026-10-31 12:50 GMT

ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി തർക്കത്തിൽ 2019 നവംബറിലെ സുപ്രിംകോടതി വിധി ഒരു ചരിത്രകാരന്റെ കാഴ്ചപ്പാടിൽ തികച്ചും അന്യായവും നിയമവിരുദ്ധവുമാണെന്ന് പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നേരത്തെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് പുരാവസ്തുശാസ്ത്രപരമായ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ മാധ്യമമായ 'ദി പ്രിന്റി'ന് നൽകിയ അഭിമുഖത്തിലാണ് അലീഗഢ് മുസ്ലിം സർവകലാശാലയിലെ പ്രൊഫസർ എമിരിറ്റസ് കൂടിയായ 95 കാരനായ ഇർഫാൻ ഹബീബ് ഇക്കാര്യം തുറന്നടിച്ചത്.

അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന് കോടതി അനുമാനിക്കുക മാത്രമാണ് ചെയ്തതെന്നും ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് ക്ഷേത്രമായിരുന്നു എന്നതിന് ലഭിച്ച തെളിവുകൾ തീർത്തും ദുർബലമാണ്. ആദ്യം ഒരു പള്ളി തകർത്തു, അതിനുശേഷമാണ് അവിടെ കുഴിച്ചെടുക്കൽ തുടങ്ങിയത്. മുസ്‌ലിം നിർമിതിയുടെ ഇഷ്ടികകൾ കിട്ടുമ്പോൾ അവ വലിച്ചെറിയുകയും കല്ല് കാണുമ്പോൾ അത് വിഗ്രഹത്തിന്റെ ഭാഗമാണെന്ന് പറയുകയുമാണ് ചെയ്തത്. ബാബരി മസ്ജിദ് ഒരു ക്ഷേത്രമായിരുന്നു എന്ന് സ്ഥാപിക്കാൻ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കുന്നതല്ല. പ്രശസ്തരായ പുരാവസ്തു ഗവേഷകരാരും ഇതിനെ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

പള്ളികൾ നിർമിച്ച കാലത്ത് ചിലയിടങ്ങളിൽ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്ന കല്ലുകൾ ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാൽ അത്തരം കല്ലുകൾ കണ്ടുകിട്ടി എന്നതുകൊണ്ട് അവിടെയുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് അർഥമില്ലെന്നും മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്നതാകാമെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാ പള്ളികൾക്കടിയിലും ശിവലിംഗം തിരയരുതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ മുൻപരാമർശം, അവരുടെ ഭാഗത്തുനിന്നുണ്ടായ അതിരുകടന്ന നടപടികൾ കാരണമാണെന്നും ഹബീബ് അഭിപ്രായപ്പെട്ടു. അവരുടെ തീവ്ര നിലപാടുകൾക്ക് ശേഷം അത്തരം ഒത്തുതീർപ്പ് സംഭാഷണങ്ങൾ അനിവാര്യമായിരുന്നിരിക്കാം. മോഹൻ ഭഗവത് കുറഞ്ഞത് അതെങ്കിലും നിർത്തിവെക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ രൂക്ഷവിമർശനം

സ്‌കൂൾ പാഠ്യപദ്ധതിയിലും സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിലും വരുത്തുന്ന മാറ്റങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്നതിൽ മുമ്പ് പാകിസ്താനാണ് മുന്നിലായിരുന്നതെങ്കിൽ ഇപ്പോൾ ഇന്ത്യ അവരെയും മറികടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ സിലബസ് തീർത്തും പരിതാപകരമാണ്. ഇന്ത്യൻ ചരിത്രത്തെക്കുറിച്ചോ ജാതിവ്യവസ്ഥയുടെ ഉത്ഭവത്തെക്കുറിച്ചോ ഒരു ധാരണയുമില്ലാത്തവരാണ് ഈ സിലബസ് ഉണ്ടാക്കിയതെന്ന് തോന്നും. പ്രാചീന ഇന്ത്യക്ക് പകരം മധ്യകാല ഇന്ത്യയിലാണ് പുതിയ സിലബസിൽ ജാതിവ്യവസ്ഥയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സുൽത്താനേറ്റ് കാലഘട്ടത്തിലാണ് മനുസ്മൃതി എഴുതിയത് എന്ന തരത്തിലാണ് ഇതിന്റെ ഘടന.

രാജ്യം അഭിമാനിക്കേണ്ട ഭരണാധികാരിയായ അശോക ചക്രവർത്തിയെ പാഠപുസ്തകങ്ങളിൽ നിന്ന് പുറന്തള്ളുകയാണ്. ഇപ്പോൾ മനുസ്മൃതിയെ മഹത്വവത്കരിക്കുന്ന തിരക്കിലാണ് അവർ. പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ആവർത്തിക്കുന്ന 1200 വർഷത്തെ അടിമത്തം എന്ന വാദത്തെയും ഹബീബ് തള്ളി. മുസ്‌ലിം ഭരണാധികാരികൾ ഭരിച്ച പ്രദേശങ്ങളെല്ലാം അടിമത്തത്തിലായിരുന്നു എന്ന് പറയുന്നത് തികച്ചും തെറ്റാണ്. ജനാധിപത്യപരമല്ലാത്ത ഭരണം അതിനും എത്രയോ മുമ്പുമുണ്ടായിരുന്നു. മൗര്യ സാമ്രാജ്യത്തിൽ പാർലമെന്റ് ഉണ്ടായിരുന്നില്ലെന്നും അശോക ചക്രവർത്തി തന്റെ പ്രജകളെ ഭരണത്തിൽ പങ്കാളികളാക്കിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ മുസ്‌ലിം സ്മാരകങ്ങൾക്ക് നിലവിലെ സർക്കാറിന് കീഴിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) മതിയായ സംരക്ഷണം നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ മുസ്‌ലിം ഭരണാധികാരികളും ക്ഷേത്രങ്ങൾ തകർത്തിട്ടില്ലെന്നും മുഗൾ ചക്രവർത്തി ഔറംഗസേബ് മാത്രമാണ് വളരെ പരിമിതമായ രീതിയിൽ ക്ഷേത്രങ്ങൾ തകർത്തതെന്നും അക്ബറും ജഹാംഗീറും അത്തരം നടപടികൾ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മുസ്‌ലിംകൾ ക്ഷേത്രങ്ങൾ വ്യാപകമായി തകർത്തിരുന്നെങ്കിൽ ഇന്ന് ഇത്രയധികം ക്ഷേത്രങ്ങൾ രാജ്യത്ത് അവശേഷിക്കില്ലായിരുന്നുവെന്നും ഇർഫാൻ ഹബീബ് ഓർമിപ്പിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News