ഡൽഹി: ഈ ഒക്ടോബറിൽ അസാധാരണമായ കാലാവസ്ഥ മാറ്റത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഡൽഹി. സാധാരണയായി ഈ മാസങ്ങളിൽ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാവുകയാണ് പതിവെങ്കിലും ഈ ഒക്ടോബറിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശുദ്ധമായ വായുവും നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയും ഒക്ടോബറിൽ രേഖപ്പെടുത്തി.
ഒക്ടോബർ 30 ന് തലസ്ഥാനത്ത് അസാധാരണമായ തണുപ്പാണ് അനുഭവപ്പെട്ടത്. പരമാവധി താപനില 20.7 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ(ഐഎംഡി) കണക്കനുസരിച്ച് 1951 ന് ശേഷം ഒക്ടോബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പരമാവധി താപനിലയാണിത്.കനത്ത മഴയും താപനിലയിലുണ്ടായ പെട്ടെന്നുള്ള ഇടിവും ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു. ഇന്നലെ നഗരത്തിലെ വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) 60 ആയി കുറഞ്ഞു, ശൈത്യകാലത്തിന് മുന്നോടിയായി മലിനീകരണത്തിൽ നിന്ന് ഡൽഹി നിവാസികൾക്ക് കുറച്ചൊരു ആശ്വാസം ലഭിച്ചു.
ഒക്ടോബറിൽ ഡൽഹിയിലെ ശരാശരി ഗുണനിലവാര സൂചിക 167 ആയി രേഖപ്പെടുത്തി. 2015 ന് ശേഷമുള്ള ഈ മാസത്തെ ഏറ്റവും കുറഞ്ഞ ശരാശരിയാണിത്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ. മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുരോഗതി വളരെ വലുതാണ്. ഡൽഹിയുടെ ശരാശരി എക്യുഐ 2025 ഒക്ടോബറിൽ 223 ഉം, 2024 ഒക്ടോബറിൽ 234 ഉം, 2023 ഒക്ടോബറിൽ 219 ഉം 2022 ഒക്ടോബറിൽ 210 ഉം ആയിരുന്നു. 2015 ഒക്ടോബറിൽ ശരാശരി എക്യുഐ 264 ആയിരുന്നു.ഒക്ടോബറിൽ, നഗരത്തിൽ അഞ്ച് ദിവസത്തെ മോശം വായു ഗുണനിലവാരവും മൂന്ന് ദിവസത്തെ തൃപ്തികരമായ വായു ഗുണനിലവാരവും 22 ദിവസത്തെ വായു ഗുണനിലവാര സൂചിക മിതമായ വിഭാഗത്തിലുമായിരുന്നു.
എന്നാൽ മലിനീകരണ തോത് പതിവിലും മോശമായിരുന്നു. ഒക്ടോബർ 21 ന് എക്യുഐ 245 ൽ എത്തി. 2015 ന് ശേഷം ഒക്ടോബർ രണ്ടാം പകുതിയിൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഇത്ര താഴുന്നത് ഇതാദ്യമാണ്. മുൻ വർഷങ്ങളിൽ, മാസത്തിന്റെ ആദ്യ പകുതിയിലാണ് മലിനീകരണം സാധാരണയായി ഈ നിലയിലെത്തിയിരുന്നത്. തലസ്ഥാനത്തെ അസാധാരണമായ കാലാവസ്ഥയ്ക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണം മഴയായിരുന്നു. ഒക്ടോബർ 30 ന് രാവിലെ 8:30 ഓടെ ഡൽഹിയിൽ 123.3 മില്ലിമീറ്റർ മഴ ലഭിച്ചു, നാല് വർഷത്തിനിടയിലെ ഏറ്റവും മഴയുള്ള ഒക്ടോബറാണിത്.
1954 ന് ശേഷം സഫ്ദർജംഗിൽ രേഖപ്പെടുത്തിയ നാലാമത്തെ ഏറ്റവും ഉയർന്ന ഒക്ടോബറിലെ മഴ കൂടിയാണിത്. ഒക്ടോബറിൽ ഡൽഹിയിൽ അവസാനമായി കൂടുതൽ മഴ ലഭിച്ചത് 2022 ലായിരുന്നു, അന്ന് നഗരത്തിൽ ഒരു മാസം മുഴുവൻ ഏകദേശം 128 മില്ലിമീറ്റർ മഴ പെയ്തു. ഒക്ടോബറിൽ ഡൽഹിയിൽ സാധാരണ ലഭിക്കുന്ന മഴ ഏകദേശം 15.1 മില്ലിമീറ്ററാണ്. അതായത് ഈ മാസം തലസ്ഥാനത്ത് സാധാരണ ലഭിക്കുന്ന മഴയുടെ എട്ടിരട്ടിയിലധികം മഴ ലഭിച്ചു.
ഒക്ടോബർ 30 ന് സഫ്ദർജംഗ് കാലാവസ്ഥാ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ പരമാവധി താപനില 20.7 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നു. ഐഎംഡി രേഖകൾ പ്രകാരം, 1951 ന് ശേഷമുള്ള ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ പരമാവധി താപനിലയാണിത്. വർഷത്തിലെ ഈ സമയത്തെ സാധാരണ നിലയേക്കാൾ 10.3 ഡിഗ്രി സെൽഷ്യസ് താഴെയാണ് താപനില. അസാധാരണമാംവിധം തണുത്ത കാലാവസ്ഥയാണ് നിവാസികൾക്ക് അനുഭവപ്പെട്ടത്, മേഘാവൃതമായ ആകാശം, മഴ, മൂടൽമഞ്ഞ് എന്നിവ ശൈത്യകാലത്തിന് സമാനമായ കാലാവസ്ഥയ്ക്ക് ആക്കം കൂട്ടി. ഒക്ടോബറിലെ ശരാശരി കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും ശരാശരി കൂടിയ താപനില 32.6 ഡിഗ്രി സെൽഷ്യസും ആയിരുന്നു.