വിശദമായ പരിശോധനകൾ നടത്തും വരെ എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങൾ പറത്തരുത്-ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്

തുടർച്ചയായി സാങ്കേതികതകരാർ നേടുന്ന പശ്ചാത്തലത്തിലാണ് പൈലറ്റ് അസോസിയേഷൻ വ്യോമയാനമന്ത്രാലയത്തിന് കത്തയച്ചത്

Update: 2025-10-10 18:45 GMT

മുബൈ: എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളിൽ വിശദമായ പരിശോധനകൾ നടത്തും വരെ പറത്തരുതെന്ന നിർദേശവുമായി പൈലറ്റ് അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഫെഡ‍റേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളിൽ തുടർച്ചയായി സാങ്കേതികതകരാർ നേടുന്ന പശ്ചാത്തലത്തിലാണ് പൈലറ്റ് അസോസിയേഷൻ കത്തയച്ചത്. വിമാനത്തിലെ ഇലക്ട്രിക്കൽ സിസ്റ്റത്തിലെ തകരാറുകൾ കണ്ടെത്തണമെന്നും കത്തിലുണ്ട്.

സമീപദിവസങ്ങളിലായി എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ ഉണ്ടായതും ജൂൺ 12 ൽ അഹമ്മദാബാദിൽ 260 പേരും ജീവൻ അപഹരിച്ച വിമാനാപകടവും ചൂണ്ടിക്കാണിച്ചാണ് പൈലറ്റ് അസോസിയേൻ വ്യോമയാനമന്ത്രാലയത്തിന് കത്തയച്ചത്. ഒക്ടോബർ 4 ന് അമൃത്സറിൽ നിന്ന് ബർമിംഗ്ഹാമിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ 787-8 വിമാനം സാങ്കേതികതകരാറിനെ തുടർന്ന് അടിയന്തരലാൻഡിങ് നടത്തിയിരുന്നു. ഒക്ടോബർ ഒമ്പതിന് ഓസ്ട്രിയയിലെ വിയന്നയിൽ നിന്ന് ന്യൂ ഡൽ​ഹിയിലേക്കുള്ള മറ്റൊരു ബോയിങ് 787 വിമാനവും സാങ്കേതിക തകരാ‍ർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദുബായിലേക്ക് തിരിച്ചുവിട്ടിരുന്നു.

വിമാനങ്ങളുടെ പരിശോധനയ്ക്ക് പുറമെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏഴിയേഷന്റെ (ഡിജിസിഎ) മേൽനോട്ടത്തിൽ എയർ ഇന്ത്യയിൽ ഒരു പ്രത്യേക ഓഡിറ്റിങ് നടത്തണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിസിഎ ഫ്‌ലൈറ്റ് സേഫ്റ്റി ഡയറക്ടറേറ്റ് , എയർ സേഫ്റ്റി, എയർ വർത്തിനസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ച് വേണം ഓഡിറ്റിങ് നടത്താനെന്നും കത്തിൽ ആവശ്യപ്പെടുന്നു

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News