മറന്നുവെച്ചത് 12 വർഷം, വില 100 കോടി; എയർ ഇന്ത്യയുടെ 'അപ്രത്യക്ഷമായ' വിമാനം കൊൽക്കത്തയിൽ
പേനയോ കുടയോ ഒക്കെ മറന്നുവെക്കുന്നതുപോലെ ഒരു വിമാനമങ്ങ് മറന്നുവെച്ചാലോ. ഒരുപക്ഷേ ലോകത്തിലെ വ്യോമയാന ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം
PHOTO|AI IMAGE
കൊൽക്കത്ത: ഒരു വിമാനം കാണാതെ പോവുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പേനയോ കുടയോ ഒക്കെ മറന്നുവെക്കുന്നതുപോലെ ഒരു വിമാനമങ്ങ് മറന്നുവെച്ചാലോ. കേൾക്കുമ്പോൾ ചിരിവരുന്നുണ്ടല്ലേ, പക്ഷേ നടന്ന കാര്യമാണ്.
ഒരുപക്ഷേ ലോകത്തിലെ വ്യോമയാന ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം. എയർ ഇന്ത്യയുടെ 100 കോടിയിലധികം വിലമതിക്കുന്ന ഒരു യാത്രാവിമാനമാണ് 12 വർഷക്കാലം രേഖകളിലില്ലാതെ, അനാഥമായി കൊൽക്കത്തയിലെ വിമാനത്താവളത്തിൽ കിടന്നത്. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ബോയിങ് 737-200 വിമാനമാണ് കേടുപാടുകൾ പറ്റാതെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏപ്രണിൽ വെയിലുകൊണ്ട് കിടന്നത്. 2025 നവംബർ 14-ന്, വിമാനം പൊളിച്ചുമാറ്റി 1,600 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവിലേക്ക് കൊണ്ടുപോയപ്പോൾ മാത്രമാണ് വിമാനം ഇപ്പോഴും തങ്ങളുടേതാണെന്ന് എയർ ഇന്ത്യ അധികൃതർ തിരിച്ചറിഞ്ഞത്.
1982ൽ ഇന്ത്യൻ എയർലൈൻസിനുവേണ്ടി നിർമ്മിച്ച വിടി-ഇജിഡി എന്ന രജിസ്‌ട്രേഷനുള്ള ഈ വിമാനം പിന്നീട് അലൈൻസ് എയറിനും ഒടുവിൽ തപാൽ കാർഗോ സർവീസിനുമായാണ് ഉപയോഗിച്ചിരുന്നത്. 2012ൽ സർവീസ് നിർത്തിയ ശേഷം ഇതിനെ കൊൽക്കത്തയിൽ പാർക്ക് ചെയ്തു.
ഇതിന് ശേഷമാണ് രേഖകളിൽ പോലുമില്ലാതെ വിമാനം 'അപ്രത്യക്ഷമാകുന്നത്'. 2021 മുതൽ 2023 വരെ നടന്ന എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണവും ടാറ്റാ ഗ്രൂപ്പിനുള്ള കൈമാറ്റവും നടന്ന കാലയളവിൽ വിമാനം ആസ്തി രജിസ്റ്ററിൽ നിന്ന് എങ്ങനെയോ വിട്ടുപോവുകയായിരുന്നു.
കാലമത്രയും വിമാനത്താവളത്തിൽ ഉണ്ടായിരുന്നുവെങ്കിലും, ഒരു ഡാറ്റാബേസിലും ഈ വിമാനത്തെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നില്ല. 100 കോടി മൂല്യമുള്ള ഈ വിമാനം എയർലൈൻസിന്റെ ബാലൻസ് ഷീറ്റിൽ നിന്ന് പൂർണ്ണമായും മാഞ്ഞുപോയി. വിമാനത്താവളം അധികൃതർ പതിവായി അയച്ച പാർക്കിംഗ് ഫീസ് ഇനത്തിലുള്ള കോടികളുടെ ബില്ലുകൾ, 'ഇങ്ങനെയൊരു വിമാനം ഞങ്ങളുടെ രേഖകളിൽ ഇല്ല' എന്ന് പറഞ്ഞ് എയർ ഇന്ത്യ പാടെ തള്ളിക്കളഞ്ഞു.
ഒടുവിൽ 2025 പകുതിയോടെ വിമാനത്താവള വികസനത്തിനായി അധികൃതർ പഴയ 737 വിമാനം നീക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ മാത്രമാണ് എയർ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ വിമാനത്തെക്കുറിച്ച് പ്രതികരിച്ചത്. ഏത് വിമാനമെന്നറിയാതെ ഒടുവിൽ പഴയ ഫയലുകൾ പരതിയപ്പോഴാണ് വിമാനം തങ്ങളുടേതാണെന്ന് എയർ ഇന്ത്യ അറിയുന്നത്. അസാധാരണമെന്നും സ്വകാര്യവൽക്കരണ സമയത്ത് വിമാനത്തിന്റെ ട്രാക്ക് നഷ്ടപ്പെട്ടതാണെന്നും എയർ ഇന്ത്യ സിഇഒ കാംപ്‌ബെൽ വിൽസൺ ആഭ്യന്തര കുറിപ്പിൽ സമ്മതിക്കുകയും ചെയ്തു.
നേരത്തെ മറ്റൊരു എയർ ഇന്ത്യ വിമാനം 2019ൽ ദുർഗ്ഗാപൂർ പാലത്തിൽ കുടുങ്ങിയ സംഭവം വലിയ നാണക്കേടുണ്ടാക്കിയിരുന്നതിനാൽ ഇത്തവണ വിമാനം മുറിച്ചുമാറ്റി കൊണ്ടുപോയത് അതീവ ശ്രദ്ധയോടെയാണ്:
ചിറകുകൾ, എൻജിനുകൾ, വാൽഭാഗം എന്നിവ വിമാനത്താവളത്തിൽ വെച്ച് തന്നെ വേർപെടുത്തി. വിമാനത്തിന്റെ പ്രധാനഭാഗം മൂന്ന് വലിയ കഷണങ്ങളാക്കി മാറ്റി. കുറഞ്ഞ ഉയരമുള്ള പാലങ്ങൾ ഒഴിവാക്കി, NH-16, NH-48 ഹൈവേകൾ വഴി പൊലീസ് അകമ്പടിയോടെയാണ് ട്രെയിലറുകളിൽ 1,600 കിലോമീറ്റർ ദൂരത്തേക്ക് കൊണ്ടുപോയത്.
ഈ വിമാനം ഇനി ബെംഗളൂരുവിലെ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് (AIESL) കേന്ദ്രത്തിൽ എഞ്ചിനീയർമാർക്കുള്ള പൂർണ തോതിലുള്ള പരിശീലന മാതൃകയായി ഉപയോഗിക്കും. വിമാനം നീക്കിയതോടെ വിമാനത്താവളത്തിന് കെട്ടിക്കിടന്ന പാർക്കിംഗ് കുടിശ്ശിക ലഭിച്ചു.