ബിഹാറിലേതു പോലെ മഹാരാഷ്ട്രയിലും ജാതിസെൻസസ് നടത്തണം: അജിത് പവാർ

ജാതിസെൻസസ് രാജ്യത്തെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

Update: 2023-10-24 05:54 GMT
Advertising

മുംബൈ: ബിഹാറിൽ നടത്തിയതിന് സമാനമായി മഹാരാഷ്ട്രയിലും ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പൊതുവിഭാഗത്തിന്റെയും ജനസംഖ്യയുടെ കൃത്യമായ വിവരം നൽകാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''ഇവിടെ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തണമെന്നാണ് എന്റെ അഭിപ്രായം. ബിഹാർ സർക്കാർ അത് നടപ്പാക്കി. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകുന്നതിനാൽ ഇത്തരമൊരു നടപടിയിലൂടെ ഒ.ബി.സി, എസ്.സി, എസ്.ടി, ന്യൂനപക്ഷങ്ങൾ, പൊതുവിഭാഗം എന്നീ ജനസംഖ്യയുടെ കൃത്യമായ വിവരം ലഭിക്കും''-സോലാപൂരിലെ പൊതുയോഗത്തിൽ അജിത് പവാർ പറഞ്ഞു.

കോൺഗ്രസിന്റെയും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെയും പ്രധാന ആവശ്യമാണ് ജാതിസെൻസസ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടപ്പാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ജാതിസെൻസസിന് എതിരായ നിലപാടാണ് ബി.ജെ.പിക്കുള്ളത്. ജാതിസെൻസസ് രാജ്യത്തെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇതിനിടെയാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി സഖ്യത്തിലുള്ള അജിത് പവാർ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News