നിർബന്ധിത മതപരിവർത്തനത്തിന് ജീവപര്യന്തവും കനത്ത പിഴയും, മാതൃക യുപിയില്‍ നിന്നും: ഉത്തരാഖണ്ഡിലെ പുതിയ ബില്‍ ഇങ്ങനെ...

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള മതപരിവർത്തനങ്ങൾ വർദ്ധിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ ആരോപിക്കുന്നതിനിടയിലാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

Update: 2025-08-18 12:06 GMT
Editor : rishad | By : Web Desk

ഡെറാഡൂണ്‍: നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ജയിൽ ശിക്ഷയുടെ കാലാവധി ഉയർത്തുകയും മതപരിവർത്തനം എന്നതിന്റെ നിർവചനം തന്നെ വിപുലീകരിക്കുകയും ചെയ്തുകൊണ്ടുള്ള ബില്ലിന് പുഷ്കര്‍ സിങ് ധാമിയുടെ മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കുകയും ചെയ്തു.

ഓഗസ്റ്റ് 19 (നാളെ) മുതൽ ചേരുന്ന നിയമസഭയിൽ ബിൽ അവതരിപ്പിക്കും. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള മതപരിവർത്തനങ്ങൾ വർദ്ധിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ ആരോപിക്കുന്നതിനിടയിലാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

Advertising
Advertising

ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ(ഭേഗഗതി)ബില്‍ 2025 എന്നാണ് പേര്. ഇതില്‍ ഏറ്റലും ശ്രദ്ധേയം ഉത്തരാഖണ്ഡ് ബില്ലിലെ വ്യവസ്ഥകള്‍ ഏറെക്കുറെയും ഉത്തര്‍പ്രദേശിലെ നിയമത്തിന് സമാനമാണ് എന്നതാണ്. ഉദാഹരണത്തിന്, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കുറ്റകൃത്യങ്ങൾക്കുള്ള പരമാവധി ശിക്ഷ 20 വർഷമോ ജീവപര്യന്തമോ ആയി ഉത്തരാഖണ്ഡിലും ഉയർത്തി. 2024ലാണ് ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന (ഭേദഗതി) നിയമത്തിന് അംഗീകാരം നല്‍കിയത്. 

ഭേദഗതി പ്രകാരമുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?

ഒന്നാമതായി, മതപരിവർത്തനം എന്താണെന്നതിന്റെ നിർവചനം തന്നെ ബിൽ വിപുലീകരിക്കുന്നുണ്ട്. ഡിജിറ്റൽ മാർഗങ്ങളിലൂടെ ഉൾപ്പെടെ ഒരു തരത്തിലും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുത്. ഇ-മെയില്‍ വഴിയോ വാട്സ്ആപ്പ് പോലുള്ള മെസേജിങ് ആപ്ലിക്കേഷന്‍ വഴിയുള്ള സന്ദേശങ്ങള്‍ പോലും കുടുക്കാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.   

ഏതെങ്കിലും മതത്തിന്റെ ആചാരങ്ങളെയോ ചടങ്ങുകളെയോ മറ്റൊരു മതവുമായി താരതമ്യപ്പെടുത്തുമ്പോൾ അവഹേളിക്കുന്ന രീതിയിലാണെങ്കില്‍ ബില്‍പ്രകാരം പിടിവീഴാം. വിവാഹം ചെയ്യാനായി ഒരാള്‍ തന്റെ മതം മറച്ചുവെച്ചാല്‍ മൂന്ന് മുതൽ പത്ത് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കും. മാത്രമല്ല, മതപരിവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിലൂടെ സ്വത്ത് സമ്പാദിച്ചാൽ, ജില്ലാ മജിസ്‌ട്രേറ്റിന് കണ്ടുകെട്ടാൻ കഴിയും.

നിരവധി കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ കൂടുതൽ കഠിനമാക്കി

2018ലെ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമപ്രകാരം നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ ചതിച്ചോ മതപരിവർത്തനത്തിന് ശിക്ഷിക്കപ്പെടുന്ന ഏതൊരാൾക്കും അഞ്ച് വർഷം വരെ തടവ് ശിക്ഷ വ്യവസ്ഥയുണ്ടായിരുന്നത്.

എന്നാല്‍ 2025-ലെ ഭേദഗതി പ്രകാരം, വഞ്ചനാപരമായ മതപരിവർത്തനത്തിന് മൂന്ന് മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 50,000 രൂപ പിഴയും ലഭിക്കും. ഇനി ഇര പ്രായപൂർത്തിയാകാത്ത ആളോ, സ്ത്രീയോ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയോ, അംഗപരിമിതനോ ആണെങ്കിൽ, അഞ്ച് മുതൽ 14 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.

ഇനി വിദേശ ധനസഹായമോ നിരോധിത ധനസഹായമോ ഉൾപ്പെട്ടാൽ, പ്രതിക്ക് ഏഴ് മുതൽ 14 വർഷം വരെ കഠിനതടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കും. ഭീഷണി, ആക്രമണം, മനുഷ്യക്കടത്ത്, വിവാഹം എന്നിവ മതപരിവർത്തനത്തിനുള്ള 'തന്ത്രമായി' ഉപയോഗിക്കുന്ന കേസുകളിൽ, ശിക്ഷ 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും ലഭിക്കും. 

ഏറ്റവും വിവാദപരമായ വ്യവസ്ഥകളിലൊന്ന്, മതം മാറിയ വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസത്തിനുള്ളിൽ എല്ലാ ഡോക്യുമെന്റുകളുമടക്കം ഡിഎം ഓഫീസിൽ അറിയിക്കണം എന്നാണ്. ഇതിൽ ജനനത്തീയതി, നിലവിലെ വിലാസം, പിതാവിന്റെ/ഭർത്താവിന്റെ പേര്, മതം മാറ്റത്തിന് മുമ്പും ശേഷവുമുള്ള അവരുടെ മതം, മതം മാറ്റ തീയതിയും സ്ഥലവും എന്നിവയും മറ്റും ഉൾപ്പെടും. ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. 21 ദിവസത്തിനുശേഷം, വിശദാംശങ്ങളുടെ സ്ഥിരീകരണത്തിനായി ഡിഎം ആ വ്യക്തിയെ വിളിച്ചുവരുത്തും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ മതപരിവർത്തനം നിയമവിരുദ്ധവും അസാധുവുമായി കണക്കാക്കും. 

അതേസമയം ഉത്തര്‍പ്രദേശിന് സമാനമാണ് ഉത്തരാഖണ്ഡിലെ വ്യവസ്ഥകള്‍. ഉത്തര്‍പ്രദേശില്‍ പ്രായപൂർത്തിയാകാത്തയാൾ, സ്ത്രീ, എസ്‌സി/എസ്ടി എന്നിവരെ നിയമവിരുദ്ധമായ മതപരിവർത്തനം നടത്തിയാലുള്ള ശിക്ഷയും വര്‍ധിപ്പിച്ചിരുന്നു. രണ്ടില്‍ നിന്ന് പത്ത് വര്‍ഷമായും അഞ്ചില്‍ നിന്ന് പതിനാല് വര്‍ഷമായുമൊക്കെയാണ് അവിടെ ഉയര്‍ത്തിയിരുന്നത്. കുറഞ്ഞ പിഴ ഒരു ലക്ഷം രൂപയായും ഉയര്‍ത്തിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News