ഒന്നും ഉരിയാടാതെ അല്ലു അർജുൻ; ചോദ്യം ചെയ്യൽ പൂർത്തിയായി; സുരക്ഷാ മാനേജർ അറസ്റ്റിൽ

നടനെ അപകടം നടന്ന സന്ധ്യ തിയേറ്ററിലെത്തിച്ച് തെളിവെടുക്കും.

Update: 2024-12-24 13:47 GMT

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടൻ അല്ലു അര്‍ജുന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ‌ നാല് മണിക്കൂറോളം നീണ്ടെങ്കിലും പൊലീസ് ചോദിച്ച കാര്യങ്ങളോട് അല്ലു പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. അല്ലുവിനെ അപകടം നടന്ന സന്ധ്യ തിയേറ്ററിലെത്തിച്ച് തെളിവെടുക്കും. സംഭവദിവസം പൊലീസ് സന്ധ്യ തിയേറ്ററില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയും അല്ലു അര്‍ജുനെ കാണിച്ചു.

'സന്ധ്യ തീയറ്ററിൽ വരരുതെന്ന് മാനേജ്‌മെൻ്റ് പറഞ്ഞിരുന്നോ?, തിയേറ്ററിലെ പ്രീമിയർ ഷോയ്ക്ക് വരാൻ അനുവാദം വാങ്ങിയിരുന്നോ? അതിൻ്റെ കോപ്പി നിങ്ങളുടെ പക്കലുണ്ടോ?, അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയുമായി എന്തിന് തിയേറ്ററിലേക്ക് പോയി?, സന്ധ്യ തിയേറ്ററിന് സമീപത്തെ സാഹചര്യം പിആർ ടീം മുൻകൂട്ടി നിങ്ങളോട് വിശദീകരിച്ചിരുന്നോ?, നിങ്ങൾ എത്ര ബൗൺസർമാരെ ക്രമീകരിച്ചിരുന്നു?, അവർ ജനങ്ങളെ മര്‍ദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല?, എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്?, മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയത് പരസ്പരവിരുദ്ധ പ്രസ്താവനകളല്ലേ?' തുടങ്ങിയ ചോദ്യങ്ങളിലാണ് പൊലീസ് ഉത്തരം തേടിയത്.

Advertising
Advertising

ചോദ്യം ചെയ്യലിനു ശേഷം അല്ലു അർജുന്റെ സുരക്ഷാ മാനേജർ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു.‌ ആരാധകരെ ഇയാൾ വടികൊണ്ട് തല്ലുന്ന വീഡിയോ പുറത്തുവന്നിരുന്നു. യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ ഹൈദരാബാദ് പൊലീസ് ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തിയിരുന്നു. തിരക്ക് നിയന്ത്രണാതീതമാണെന്നും ഒരാൾ മരിച്ചെന്നും അറിയിച്ചിട്ടും തിയേറ്റർ വിടാൻ അല്ലു അർജുൻ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു. അർധരാത്രി വരെ അല്ലു അർജുൻ തിയേറ്ററിൽ തന്നെ തുടർന്നു. വീഡിയോ തെളിവുകൾ ഉൾപ്പടെ പുറത്തുവിട്ടായിരുന്നു പൊലീസിന്റെ ആരോപണം.

എന്നാല്‍ പിറ്റേ ദിവസം മാത്രമാണ് താന്‍ വിവരമറി‍ഞ്ഞതെന്നായിരുന്നു താരത്തിന്റെ നിലപാട്. ഈ മാസം നാലിനാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവതിയുടെ കുട്ടിക്ക് കഴിഞ്ഞദിവസം മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ശ്രീതേജ് എന്ന ഒമ്പതു വയസുകാരനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. രേവതിയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ കേസെടുത്തിരുന്നു. കേസിൽ അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നേടിയ അല്ലു അടുത്ത ദിവസം രാവിലെ ജയിൽ മോചിതനായി. അതേസമയം, അപകടം സംഭവിച്ച ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിന്‍റെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News