തള്ളവിരല്‍ മുറിഞ്ഞപ്പോള്‍ ചെലവായത് വെറും 50 രൂപ, അമേരിക്കയിലായിരുന്നെങ്കില്‍ 1.76 ലക്ഷം രൂപയാകുമായിരുന്നു'; ഇന്ത്യൻ ആരോഗ്യ രംഗത്തെ പ്രശംസിച്ച് യുഎസ് വനിത- വിഡിയോ

ഇന്ത്യയിൽ ഡോക്ടർമാർ, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നും ക്രിസ്റ്റൻ ഫിഷർ പറയുന്നു

Update: 2025-09-22 09:36 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി:  ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ അനുഭവം വിവരിക്കുന്ന അമേരിക്കന്‍ വനിതയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വീട്ടിൽ പച്ചക്കറികൾ മുറിക്കുന്നതിനിടെ തന്റെ തള്ളവിരലിന് ഗുരുതരമായി പരിക്കേറ്റതിനെതുടര്‍ന്ന് ഇന്ത്യയില്‍ നിന്നുണ്ടായ അനുഭവമാണ് ഡല്‍ഹിയില്‍ താമസിക്കുന്ന ക്രിസ്റ്റൻ ഫിഷർ എന്ന യുവതി ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവെക്കുന്നത്. അമിത രക്തസ്രാവം തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും പിന്നീട് വൈദ്യസഹായം തേടാൻ തീരുമാനിക്കുകയുമായിരുന്നെന്ന് ക്രിസ്റ്റൻ ഫിഷർ പറയുന്നു.

'വിരല്‍ മുറിഞ്ഞപ്പോള്‍ വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി.ഞാനത് തടയാന്‍ ആവുന്നപോലെ ശ്രമിച്ചു. എന്നാല്‍ പരാജയപ്പെട്ടു.ഒടുവില്‍ മുറിവേറ്റ വിരല്‍ ബാൻഡേജിൽ പൊതിഞ്ഞ് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. അവർ എന്നെ അവരുടെ ചെറിയ എമർജൻസി റൂമിലേക്ക് കൊണ്ടുവന്നു.  രക്തത്തിൽ കുളിച്ച ബാൻഡേജ് ഞാൻ അവർക്ക് കാണിച്ചുകൊടുത്തു. നഴ്‌സുമാരും ഡോക്ടർമാരും രക്തസ്രാവം നിർത്താൻ ശ്രമിച്ചു, ഒടുവിൽ, ഒരു നഴ്‌സ്  എന്‍റെ വിരല്‍ നന്നായി ബാന്‍ഡേജിട്ടു തന്നു. വിരലില്‍ തുന്നലിന്‍റെ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു. എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് ആശുപത്രി ബില്ലാണ്. ഞാൻ റിസപ്ഷനിൽ പണമടയ്ക്കാൻ പോയി, അവർ  50 രൂപ മാത്രമേ ഈടാക്കിയുള്ളൂ.ഏകദേശം 45 മിനിറ്റ് എടുത്താണ് അവര്‍ എന്ന പരിചരിച്ചത്. നിങ്ങള്‍ അമേരിക്കയിലാണെങ്കില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ കാല്‍ കുത്തിയാല്‍ തന്നെ കുറഞ്ഞത് 2,000 ഡോളർ(ഏകദേശം 1.76ലക്ഷം രൂപ) നിങ്ങളില്‍ നിന്ന് ഈടാക്കുമെന്നും ക്രിസ്റ്റൻ ഫിഷർ പറയുന്നു.

Advertising
Advertising

ഈ അനുഭവം പങ്കുവെക്കുന്നതിന്‍റെ രണ്ട് പ്രധാന കാരണങ്ങളുണ്ടെന്നും ക്രിസ്റ്റൻ ഫിഷർ പറയുന്നു. ഒന്ന് വീട്ടില്‍ നിന്നും   സൈക്കിളിൽ എത്തിച്ചേരാവുന്നത്ര അടുത്തായിരുന്നു ആശുപത്രി.ഇന്ത്യയിൽ ഡോക്ടർമാർ, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയില്‍ എളുപ്പത്തിൽ എത്തിച്ചേരാം.ആവശ്യമെങ്കിൽ അടിയന്തര സഹായം ലഭിക്കാൻ മിനിറ്റുകൾ മാത്രം മതിയെന്നറിയുമ്പോൾ, ഇന്ത്യയിൽ ജീവിക്കുന്നത് എനിക്ക് വളരെ സുരക്ഷിതമാണെന്ന് തോന്നുന്നു.

"രണ്ട്. ഈ സംഭവത്തില്‍ എന്നോട് 50 രൂപ മാത്രമേ അവര്‍ ഈടാക്കിയുള്ളൂ. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയിൽ ആരോഗ്യ ര ഏതൊരാള്‍ക്കും  താങ്ങാനാവുന്നതാണെന്നും  ഇന്ത്യൻ ആരോഗ്യ സംരക്ഷണത്തെ ഞാൻ ഇത്രയധികം സ്നേഹിക്കുന്നതിന്റെ മറ്റൊരു കാരണം കൂടിയാണിതെന്നും ക്രിസ്റ്റൻ ഫിഷർ പറയുന്നു.

127,00 പേരാണ് ക്രിസ്റ്റൻ ഫിഷറിന്‍റെ വിഡിയോ ഇതിനോടകം തന്നെ കണ്ടത്. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണം ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് നിരവധി പേര്‍ കമന്‍റ് ചെയ്തു.

2017 ലാണ് ക്രിസ്റ്റൻ ഫിഷർ ആദ്യമായി ഇന്ത്യയിലേക്കെത്തുന്നത്.മൂന്ന് മാസം ഇന്ത്യ ചുറ്റിക്കറങ്ങിയതിന് ശേഷം തിരിച്ചുപോകുകയും 2021 ൽ വീണ്ടും ഇന്ത്യയിലേക്കെത്തുകയും ചെയ്തു. നാല് കൊല്ലമായി ഡല്‍ഹിയില്‍ വെബ് ഡെവലപ്‌മെന്റ് കമ്പനി നടത്തുകയാണ് ക്രിസ്റ്റൻ ഫിഷറും കുടുംബവും. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News