ഹിന്ദി ഹൃദയഭൂമിയിലെ ഹിന്ദുത്വ വിരുദ്ധ പോരാളി
സോഷ്യലിസ്റ്റ് നേതാക്കളിൽ പലരും സംഘപരിവാരത്തിൻ്റെ കൂടാരത്തിൽ രാഷ്ട്രീയ അഭയം തേടിയെങ്കിലും ലാലുവിൻ്റെ പ്രത്യയശാസ്ത്ര ബോധ്യത്തിന് തെല്ലും കോട്ടമുണ്ടായില്ല
17 ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു മുൻ പ്രധാനമന്ത്രിയായ പി.വി നരസിംഹറാവു. ഇന്ത്യയുടെ മതേതരത്വത്തിന്റെ താഴികക്കുടത്തിലേക്ക് ഹിന്ദുത്വ ചുറ്റികയോങ്ങിയപ്പോൾ മാതൃഭാഷയിൽ പോലും അരുതെന്നൊരു മറുവാക്ക് അന്നത്തെ പ്രധാനമന്ത്രിയായ റാവുവിൽ നിന്ന് ഉയർന്നില്ല. അവിടെയാണ് വിദ്വേഷത്തിന്റെ രഥവുമായി ഇറങ്ങിയ ലാൽ കൃഷ്ണ അദ്വാനി എന്ന സംഘപരിവാറുകാരന്റെ മുഖത്തോട് മുഖം നോക്കി ബിഹാറിലേക്ക് കയറിയാൽ പിടിച്ച് അകത്തിടുമെന്ന് പറഞ്ഞ ലാലുപ്രസാദ് യാദവിന്റെ വലിപ്പം മനസ്സിലാവുക.
അഞ്ചടി ആറിഞ്ചാണ് ലാലുവിന്റെ ശരീരത്തിന്റെ വലിപ്പം. ശരീരത്തിന്റെ ഓരോ അണുവിലും ഹിന്ദുത്വ വിരുദ്ധതയുണ്ട്. ലാലുവിനെ കുറിച്ച് ബിഹാറുകാർ പങ്കുവെക്കുന്ന ഓർമ്മയുണ്ട്. വീടിന് മുന്നിലുള്ള മത്സ്യക്കുളത്തിൽ മത്സ്യ കുഞ്ഞുങ്ങൾക്ക് തീറ്റ ഇട്ടുകൊടുക്കുന്ന ലാലു. തീറ്റ ഇട്ടശേഷം ലാലു ഇങ്ങനെ പറയുമത്രേ- ' മത്സ്യ കുഞ്ഞുങ്ങളേ വരൂ, വന്ന് ബിജെപിയെ തോൽപിക്കൂ '. ലാലുവിനെ അറിയുന്ന ആർക്കും ഇതിൽ തെല്ലും അത്ഭുതം തോന്നില്ല. പ്രതിസന്ധികൾ മലപോലെ വന്നപ്പോഴും ബിജെപിയോടുള്ള സമീപനത്തിൽ ലാലുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ല. ബിജെപി ഉയർത്തിയ വർഗീയ മുദ്രാവാക്യങ്ങളെയെല്ലാം മുന്നിൽ നിന്ന് എതിർത്തിട്ടുണ്ട് ലാലു.
1990 ഓഗസ്റ്റ് മാസത്തിലാണ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി.പി സിങ് സർക്കാർ തീരുമാനിക്കുന്നത്. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ വി.പി സിങിന്റെ നാഷ്ണൽ ഫ്രണ്ട് സർക്കാറിനെ പുറത്ത് നിന്ന് പിന്തുണക്കുന്ന ബിജെപിയെ സംബന്ധിച്ച് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. മണ്ഡൽ, ജാതി പ്രശ്നങ്ങളെ തിരിച്ച് മതം, പള്ളി/ക്ഷേത്രം എന്നിവയിലേക്ക് മാറ്റുക എന്നത് ബിജെപിയുടെ രാഷ്ട്രീയ ആവശ്യമായിരുന്നു. പഴയ ജനസംഘം ബിജെപി ആയതിന് ശേഷം 1984 ൽ നടന്ന എട്ടാമത്തെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേടാനായത് രണ്ട് സീറ്റാണ്. അഞ്ച് വർഷത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 86 സീറ്റാണ്. ഈ വളർച്ചയുടെ കാരണം അയോധ്യ പ്രചാരണമെന്ന ബോധ്യം ബിജെപിക്കുണ്ടായിരുന്നു. സ്വാഭാവികമായും വളർച്ച കൂട്ടാൻ ഇതു തന്നെയാണ് പറ്റിയ സമയമെന്ന് ബിജെപി മനസിലാക്കി. അന്നത്തെ ബിജെപി പ്രസിഡന്റ് ലാൽ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചു. ഒരു രഥത്തിന്റെ ബാഹ്യരൂപമുള്ള ടൊയോട്ട വാനിലായിരുന്നു അദ്വാനിയുടെ യാത്ര.
1990 സെപ്റ്റംബർ 25 ന് അദ്വാനിയുടെ രഥയാത്ര ആരംഭിച്ചു. എട്ട് സംസ്ഥാനങ്ങൾ, 6000 മൈലുകൾ താണ്ടി രഥയാത്ര അയോധ്യയിലെത്തിയാൽ ക്ഷേത്രനിർമ്മാണത്തിന് കേന്ദ്രസർക്കാർ നിർബന്ധിതരാവും എന്ന് പ്രഖ്യാപിച്ചായിരുന്നു യാത്ര ആരംഭിച്ചത്.
അദ്വാനി സഞ്ചരിക്കുന്ന വാനിന് ഇരുവശവും ആയുധധാരികളായ വിഎച്ച്പി പ്രവർത്തർ. ഒരിടത്ത് എത്തുമ്പോൾ അവർ സ്വീകരിക്കും പിന്നീട് യാത്രയാക്കും. പൊതുയോഗങ്ങളുമായി അദ്വാനിയും. കാഴ്ചയിൽ തന്നെ ഭീതിജനിപ്പിക്കുന്ന രഥയാത്രയിൽ പച്ചവെള്ളത്തിന് തീ പിടിക്കുന്ന വർഗീയ പ്രസംഗങ്ങളാണ് അദ്വാനി നടത്തിയത്.
' സർക്കാർ മുസ്‌ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയാണ്. കപടമതേതരത്വം പ്രയോഗിക്കുകയാണ്. അങ്ങനെ ഹിന്ദു ഭൂരിപക്ഷത്തിന്റെ ന്യായമായ താൽപര്യങ്ങൾ അഭിലാഷങ്ങളും നിഷേധിക്കപ്പെടുകയാണ് '
- ഇത്തരത്തിലുള്ള പ്രസംഗങ്ങളായിരുന്നു രഥയാത്രയിൽ ഉടനീളം അദ്വാനി നടത്തിയിരുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ വർഗീയതയുടെ വിത്ത് പാകുക, വരാനിരിക്കുന്ന കാലത്ത് അതിന്റെ വിളവെടുപ്പ് നടത്തുക എന്ന രഥയാത്രയുടെ ലക്ഷ്യം ആദ്യം തിരിച്ചറിഞ്ഞവരിൽ പ്രധാനിയായിരുന്നു അന്നത്തെ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ്.
രഥയാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ അദ്വാനിയെ കാണാൻ ലാലു പ്രസാദ് യാദവ് ഡൽഹിയിലെത്തി. ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളു. രഥയാത്ര അവസാനിപ്പിക്കണം. ഭാഗൽപൂർ കലാപത്തിന്റെ മുറിവ് പൂർണമായും ഉണങ്ങാത്ത ജനങ്ങൾക്കിടയിൽ വർഗീയ ഭിന്നിപ്പിന് മാത്രമേ രഥയാത്ര സഹായിക്കൂ എന്ന് ലാലു പറഞ്ഞു. അന്ന് അദ്വാനിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് ലാലുപ്രസാദ് യാദവിന്റെ ആത്മകഥയായ 'ഗോപാൽഗഞ്ച് ടു റൈസിന മൈ പൊളിറ്റിക്കൽ ജേർണി'യിൽ പറയുന്നുണ്ട്. കൂടിക്കാഴ്ചയിലെ സംഭാഷണം ഇങ്ങനെയാണ്.
' നിങ്ങൾ യാത്ര അവസാനിപ്പിക്കണം. കലാപത്തിന് എണ്ണയൊഴിക്കുന്നതാണ് യാത്ര. ബിഹാറിലെ സാഹോദര്യം ഏറെ പണി പണിപ്പെട്ടാണ് ഞാൻ തിരിച്ചു കൊണ്ടുവന്നത്. നിങ്ങൾ ഈ വർഗീയ യാത്ര അവസാനിപ്പിച്ചില്ലെങ്കിൽ ഞാൻ നിങ്ങളെ വെറുതെ വിടില്ല.
അ ധ്യടെ മറുപടി ഇങ്ങനെ- 'എന്റെ യാത്ര തടയാൻ അമ്മയുടെ മുലപ്പാൽ കുടിച്ചവർ ഉണ്ടോ ?'
'ഞാൻ അമ്മയുടെ പാലും കുടിച്ചിട്ടുണ്ട് പശുവിന്റെ പാലും കുടിച്ചിട്ടുണ്ട്. ബീഹാറിലോട്ട് വാ ഞാനെന്തു ചെയ്യും എന്ന് കാണിച്ചു തരാം'- ലാലു തിരിച്ചടിച്ചു.
1990 ഒക്ടോബറിൽ ദൻബാദ് വഴിയാണ് അദ്വാനിയുടെ യാത്ര മധ്യപ്രദേശിൽ നിന്ന് ബിഹാറിലേക്ക് കടന്നത്. ബിഹാറിലേക്ക് യാത്ര കടന്നയുടൻ ലാലു പ്രസാദ് യാദവ് രണ്ട് തവണ പ്രധാനമന്ത്രി വി.പി സിങിനെ വിളിക്കുന്നുണ്ട്. അദ്വാനിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ചോദിച്ചാണ് ലാലുവിന്റെ വിളി. രണ്ടുതവണയും കൃത്യമായി മറുപടി കിട്ടിയില്ല. കാരണം ലളിതം വി.പി സിങിന്റെ സർക്കാർ ബിജെപിയുടെ പരോക്ഷ പിന്തുണയിലാണ് കേന്ദ്രത്തിൽ കഷ്ടിച്ചു കഴിഞ്ഞു കൂടിയിരുന്നത്.
ലാലു പിന്നെ വിളിക്കുന്നത് ദൻബാദിലെ ഡെപ്യൂട്ടി കമ്മീഷണറെയും പൊലീസ് സൂപ്രണ്ടിനേയുമാണ്. എന്നാൽ, ഇരുവരും അറസ്റ്റ് എന്ന ലാലുവിന്റെ തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ചില്ല. അദ്വാനിയുടെ അറസ്റ്റ് വർഗീയ കലാപത്തിലേക്ക് വഴിവെച്ചേക്കും എന്നായിരുന്നു അവരുടെ ന്യായം. എന്നാൽ, അങ്ങനെ വിടാൻ ലാലു തയ്യാറായിരുന്നില്ല. സമസ്തപൂരിൽ അദ്വാനിയുടെ രഥയാത്ര എത്തി. സമസ്തപൂർ ഗസ്റ്റ് ഹൗസിൽ വച്ച് പുലർച്ചെ അദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു കരിയില വീഴുന്ന ലാഘവത്തോടുകൂടി ലാലു പ്രസാദ് യാദവിന് അദ്വാനിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു.
അദ്വാനിയുടെ അറസ്റ്റിൽ നിന്ന് പിന്മാറാൻ ലാലുവിന് നിരവധി കാരണങ്ങളുണ്ടായിരുന്നു. തന്റെ പാർട്ടി നേതൃത്വം നൽകുന്ന കേന്ദ്രത്തിലെ സർക്കാറിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തിയിൽ നിന്ന് മാറി നിന്നാൽ ലാലുവിനെ ആരും പഴി പറയില്ലായിരുന്നു. എന്നാൽ, അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് നൽകിയ വാക്കിനാണ് ലാലു മൂല്യം കൽപ്പിച്ചത്. 'എന്റെ സർക്കാർ വാഴുകയോ വീഴുകയോ ചെയ്യട്ടെ കലാപകാരികളോട് ഞാൻ ക്ഷമിക്കില്ല' . ഭഗൽപൂർ കലാപകാരികളെ കുറിച്ചാണ് ലാലു അന്ന് പറഞ്ഞത്. അദ്വാനിയുടെ രഥയാത്ര ബിഹാറിലൂടെയുള്ള പര്യടനം പൂർത്തിയാക്കിയിരുന്നെങ്കിൽ ബിഹാറിൽ നിരവധി ഭഗൽപൂരുകൾ ആവർത്തിച്ചേനെ.
സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് ലാലു പ്രസാദ്. അടിസ്ഥാനവർഗത്തിൽപ്പെട്ട മനുഷ്യരുമായി ഇന്നും ജൈവിക ബന്ധം സൂക്ഷിക്കുന്ന നേതാവും. കൂടെയുണ്ടായിരുന്ന സോഷ്യലിസ്റ്റ് നേതാക്കളിൽ പലരും പലകാലങ്ങളിൽ സംഘപരിവാരത്തിന്റെ കൂടാരത്തിൽ രാഷ്ട്രീയ അഭയം തേടി. ജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതിസന്ധികൾ ഏറെ ഉണ്ടായപ്പോഴും ലാലുവെന്ന സോഷ്യലിസ്റ്റിന്റെ പ്രത്യയശാസ്ത്ര ബോധ്യത്തിന് തെല്ലും കോട്ടമുണ്ടായിട്ടില്ല. ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ നേടിയേക്കാവുന്ന പലതും ലാലുവിന് ഉണ്ടായിരുന്നു.
നിങ്ങൾക്ക് ലാലുവിനോട് യോജിക്കാം വിയോജിക്കാം. എന്നാൽ, ലാലുവിനെ അവഗണിക്കുക അസാധ്യം.