വാങ്കഡെക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ അനന്യ പാണ്ഡെ ചോദ്യംചെയ്യലിന് ഹാജരായില്ല

കഴിഞ്ഞ ദിവസം എന്‍.സി.ബി ഓഫീസിലെത്താന്‍ വൈകിയ അനന്യ പണ്ഡെയെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശകാരിക്കുകയുണ്ടായി

Update: 2021-10-25 09:29 GMT
Advertising

മുംബൈ ലഹരി കേസിൽ ബോളിവുഡ് നടി അനന്യ പാണ്ഡെ ചോദ്യംചെയ്യലിന് ഹാജരായില്ല. നേരത്തെ രണ്ട് തവണ അനന്യയെ എൻസിബി ചോദ്യം ചെയ്തിരുന്നു.

വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് അനന്യ പാണ്ഡെ അറിയിക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്ന് അനന്യ പാണ്ഡെ ആവശ്യപ്പെട്ടു. ആവശ്യം എന്‍സിബി അംഗീകരിച്ചു. മറ്റൊരു ദിവസം ഹാജരാകാന്‍ അനന്യയ്ക്ക് നോട്ടീസ് അയക്കുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു.

ആര്യന്‍ ഖാനും അനന്യ പാണ്ഡെയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച് തെളിവു ലഭിച്ചെന്നാണ് എന്‍സിബിയുടെ വിശദീകരണം. ആര്യൻ ഖാന്‍റെ ഫോണിലെ രണ്ടു വർഷം പഴക്കമുള്ള വാട്​സ്​ആപ്​ ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് അനന്യയെ ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന്​ ഉപയോഗിക്കാറില്ലെന്നും ആര്യൻ ഖാന്​ മയക്കുമരുന്ന്​ നൽകിയിട്ടില്ലെന്നുമാണ് അനന്യ എന്‍.സി.ബിയെ അറിയിച്ചത്. എന്നാല്‍ 2018-19ൽ അനന്യ ആര്യന്​ ലഹരിമരുന്ന്​ ഇടപാടുകാരുടെ നമ്പറുകൾ നൽകിയെന്നും മൂന്നുവട്ടം ലഹരി വാങ്ങാൻ സഹായിച്ചെന്നുമാണ് എന്‍.സി.ബി പറയുന്നത്. എന്നാല്‍ ചോദ്യംചെയ്യലില്‍ അനന്യ ഇക്കാര്യം നിഷേധിച്ചു. ചാറ്റുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്നാണ് അനന്യ പറഞ്ഞത്.

അനന്യ പാണ്ഡെയുടെ മുംബൈ ബാന്ദ്രയിലെ വസതിയിൽ എൻ.സി.ബി റെയ്ഡ് നടത്തിയിരുന്നു. അനന്യയുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അനന്യയുടെ മറുപടികളില്‍ എന്‍സിബിക്ക് തൃപ്തിയില്ല. ഇന്നത്തെ ചോദ്യംചെയ്യലിന് ശേഷം അനന്യയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ അനന്യ സമര്‍പ്പിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം എന്‍.സി.ബി ഓഫീസിലെത്താന്‍ വൈകിയ അനന്യ പണ്ഡെയെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശകാരിക്കുകയുണ്ടായി. വൈകിയെത്താന്‍ ഇത് സിനിമ കമ്പനിയല്ലെന്നും കേന്ദ്ര ഏജന്‍സിയാണെന്നുമാണ് വാങ്കഡെ പറഞ്ഞത്.

അതിനിടെ സമീര്‍ വാങ്കഡെക്കെതിരെ ആരോപണവുമായി ലഹരിക്കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ രംഗത്തെത്തി. ആര്യന്‍ ഖാനെതിരായ കേസില്‍ ഷാരൂഖില്‍ നിന്ന് പണം തട്ടാന്‍ ഗൂഢാലോചന നടന്നു എന്നായിരുന്നു ആരോപണം. കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മിലെ സംഭാഷണം താന്‍ കേട്ടെന്നും ഷാരൂഖില്‍ നിന്ന് 18 കോടി തട്ടാനായിരുന്നു ഇവരുടെ പദ്ധതിയെന്നുമാണ് സത്യവാങ്മൂലം. 8 കോടി സമീര്‍ വാങ്കഡെക്ക് നല്‍കാമെന്ന് ഇരുവരും പറഞ്ഞത് കേട്ടെന്നും സാക്ഷിയുടെ സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍ ആരോപണം വാങ്കഡെ നിഷേധിച്ചു. അങ്ങനെ പണം വാങ്ങിയിരുന്നെങ്കില്‍ ആര്യന്‍ ജയിലിലാകുമായിരുന്നില്ലല്ലോ എന്നാണ് വാങ്കഡെയുടെ പ്രതികരണം. ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണമുണ്ടാകും. വകുപ്പുതല അന്വേഷണത്തിനും എൻ.സി.ബി ഡയറക്ടർ ജനറൽ സത്യ നാരായൺ പ്രധാൻ ഉത്തരവിട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News