മന്ത്രി റോജയ്ക്ക് നേരെ പവന്‍ കല്യാണിന്‍റെ അനുയായികളുടെ ആക്രമണം

വിശാഖപട്ടണം വിമാനത്താവളത്തിലാണ് സംഭവം

Update: 2022-10-16 06:21 GMT
Advertising

വിശാഖപട്ടണം: ആന്ധ്രപ്രദേശ് മന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് പാര്‍ട്ടി നേതാവും നടിയുമായ ആർ.കെ റോജയുടെ കാറിന് നേരെ ആക്രമണം. നടനും നേതാവുമായ പവൻ കല്യാണിന്‍റെ ആരാധകരാണ് ആക്രമണം നടത്തിയതെന്ന് പരാതി. വിശാഖപട്ടണം വിമാനത്താവളത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

ആക്രമണത്തിൽ റോജയുടെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈ.എസ്.ആർ.സി.പി നേതാക്കളായ ജോഗി രമേഷ്, വൈ.വി സുബ്ബ റെഡ്ഡി എന്നിവരുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു.

ആന്ധ്രയിലെ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ത്രിതല തലസ്ഥാന പദ്ധതിക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആക്രമണം. ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശത്തെ തുടർന്ന് ത്രിതല തലസ്ഥാന പദ്ധതിയുമായി ബന്ധപ്പെട്ട റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു റോജ. ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർപേഴ്‌സൺ കൂടിയാണ് മന്ത്രി റോജ. 

റോജയും മറ്റ് നേതാക്കളും വിമാനത്താവളത്തില്‍‌ എത്തിയ അതേസമയത്ത് ജനസേന പ്രവർത്തകരും അനുയായികളും പവൻ കല്യാണിനെ സ്വീകരിക്കാൻ വിശാഖപട്ടണം വിമാനത്താവളത്തിൽ എത്തിയിരുന്നു. പവന്‍ കല്യാണിനെതിരെ മന്ത്രിമാരും വൈഎസ്ആർസിപി നേതാക്കളും നടത്തിയ വിമര്‍ശനത്തില്‍ അനുയായികള്‍ രോഷാകുലരായിരുന്നു. ഇവരാണ് റോജ അടക്കമുള്ളവരുടെ വാഹനങ്ങൾ പാര്‍ട്ടിയുടെ കൊടി കെട്ടിയ വടി ഉപയോഗിച്ച് ആക്രമിച്ചത്. വാഹനങ്ങള്‍ ആക്രമിക്കുന്നതിനിടെ ഇവര്‍ ത്രിതല തലസ്ഥാന പദ്ധതിക്കെതിരെ മുദ്രാവാക്യം മുഴക്കി. അക്രമികളെ കണ്ടെത്താന്‍ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

2019ൽ അധികാരത്തിലെത്തിയ ജഗൻമോഹൻ സർക്കാർ വികേന്ദ്രീകരണത്തിന്‍റെ ഭാഗമായി മൂന്ന് തല തലസ്ഥാന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അമരാവതി മെട്രോപൊളിറ്റൻ മേഖലയെ ലെജിസ്ലേറ്റീവ് കാപ്പിറ്റലും വിശാഖപട്ടണം മെട്രോപൊളിറ്റൻ മേഖലയെ എക്സിക്യുട്ടീവ് കാപ്പിറ്റലും കുർണൂൽ അര്‍ബന്‍ ഡവലപ്മെന്‍റ് മേഖലയെ ജുഡീഷ്യൽ കാപ്പിറ്റലുമാക്കാണ് തീരുമാനം. വടക്കൻ തീരദേശ ജില്ലകളുടെയും പിന്നാക്ക പ്രദേശങ്ങളുടെയും വികസനത്തിന് മൂന്ന് തലസ്ഥാനമെന്ന പദ്ധതി സഹായകരമാകുമെന്നാണ് വൈ.എസ്.ആര്‍.സി.പി സര്‍ക്കാരിന്‍റെ നിലപാട്. അതേസമയം മൂന്ന് തലസ്ഥാനങ്ങളെന്നു പറഞ്ഞ് ഭരണപക്ഷം വിദ്വേഷം വളർത്തുകയാണെന്ന് ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം ആരോപിക്കുന്നു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News