പി.എഫ്.ഐയുടെ നിരോധനം പിൻവലിച്ച് നേതാക്കളെ മോചിപ്പിക്കണം: എപിഡിആർ

'മുൻകാലങ്ങളിൽ സംഘടനകളെ നിരോധിച്ചുകൊണ്ട് എന്താണ് നേടിയതെന്നും പുതിയ നിരോധനത്തിലൂടെ എന്ത് നേടാമെന്നും കേന്ദ്ര സർക്കാർ ധവളപത്രം പുറത്തിറക്കണം'

Update: 2022-09-29 07:39 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അതിന്റെ അനുബന്ധ സംഘടനകൾക്കും ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ആവശ്യപ്പെട്ടു.

'ദരിദ്രരുടെയും അധഃസ്ഥിതരുടെയും രാജ്യത്തിന്റെയും സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ ശാക്തീകരണത്തിന്റെ നേട്ടത്തിനായി പ്രവർത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് പിഎഫ്‌ഐയ്ക്കുള്ളത്. ഇതിന് പുറമെ ന്യൂനപക്ഷങ്ങളോടും ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പം പ്രവർത്തിക്കുന്ന സംഘടനയാണിതെന്നും എപിഡിആർ ജനറൽ സെക്രട്ടറി രഞ്ജിത് സുർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.

Advertising
Advertising

'അതിന്റെ രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പാർലമെന്റ് തലം മുതൽ തദ്ദേശ സ്ഥാപനങ്ങൾ വരെയുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. കൂടാതെ അതിന്റെ ചില പ്രതിനിധികളും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും മാത്രം മത്സരിക്കാവുന്ന തങ്ങളുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കാൻ ഈ രാജ്യത്തെ എല്ലാ സംഘടനകൾക്കും അവകാശമുണ്ടെന്ന് എപിഡിആർ ശക്തമായി വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞതായി  'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്' റിപ്പോര്‍ട്ട് ചെയ്തു.

'ഒരു സംഘടനയെ നിരോധിക്കുന്നത് ഒരിക്കലും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ഒരു പ്രശ്‌നത്തിനുള്ള ഉത്തരമാകില്ല. സംഘടനകളെ നിരോധിച്ചുകൊണ്ട് മുൻകാലങ്ങളിൽ എന്താണ് നേടിയതെന്നും ഈ പുതിയ നിരോധനത്തിലൂടെ എന്ത് നേടാമെന്നും കേന്ദ്ര സർക്കാർ ധവളപത്രം പുറത്തിറക്കണം. അതിനാൽ നിരോധന വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ രാഷ്ട്രീയ തടവുകാരെയും നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നതായും എപിഡിആർ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, പിഎഫ്‌ഐ നിരോധനം രാജ്യത്തെ മുസ്‍ലിം ജനതയെ ഭയപ്പെടുത്താനുള്ള തന്ത്രമാണെന്നായിരുന്നു സിപിഐ-എംഎൽ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News