സുഹാസ് ഷെട്ടി വധം: സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായി കമന്റിട്ട യുവാവ് അറസ്റ്റിൽ

സൂറത്ത്കൽ സ്വദേശിയായ സച്ചിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2025-05-04 10:28 GMT
Editor : നബിൽ ഐ.വി | By : Web Desk

മം​ഗളൂരു: ബജറംഗ് ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ കമന്റിട്ട യുവാവ് അറസ്റ്റിൽ. സൂറത്ത്കൽ സ്വദേശിയായ സച്ചിൻ എന്ന 25കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ് 18 ചാനലിന്റെ യൂട്യൂബ് ലൈവിലായിരുന്നു കലാപത്തിന് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രകോപനപരമായ കമന്റ് സച്ചിൻ പോസ്റ്റ് ചെയ്തത്. 'മിസ്റ്റർ സൈലന്റ് എൽവിആർ' എന്ന പേരിൽ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തത്. രണ്ട് ദിവസങ്ങൾക്ക് ശേഷം മംഗലാപുരത്ത് ഒരു മൃതദേഹം വീഴുമെന്നത് സത്യമാണെന്നും സൂറത്ത്കലിലെ കൊടിക്കേരിയിലെ ജനങ്ങൾ തീർച്ചയായും അത് വിട്ടുകളയില്ലെന്നും സച്ചിൻ കമന്റിൽ പറഞ്ഞു.

Advertising
Advertising

സംഭവത്തെ തുടർന്ന് ബാർക്കെ പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ: 46/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബിഎൻഎസ് സെക്ഷൻ 353 (2) പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസ് കൂടുതൽ അന്വേഷണത്തിനായി മംഗലാപുരം സിറ്റി സിഇഎൻ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ബജ്ജെ കിന്നിപടവിലെ റോഡരികിൽ വെച്ച് നിരവധി കേസുകളിലെ പ്രതിയായ ബജ്റംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ ഒരു സംഘം വെട്ടി കൊലപ്പെടുത്തുന്നത്. 2022 ജൂലൈ 28ന് സൂറത്ത്ക്കലിൽ ഒരു കടയ്ക്ക് മുന്നിൽ വെച്ച് കട്ടിപ്പള്ള മംഗൾവാർപേട്ട സ്വദേശിയായ മുഹമ്മദ് ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ് ഷെട്ടി. കേസിൽ എട്ടു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. നാഗരാജ്, രഞ്ജിത്ത്, തോക്കൂർ സ്വദേശി റിസ്വാൻ സ്വദേശികളായ അബ്ദുൾ സഫ്‌വാൻ, നിയാസ്, മുഹമ്മദ് മുസാമിൽ, കലന്ദർ ഷാഫി, ആദിൽ മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ തുടരുകയാണ്.

മംഗളൂരുവിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ 22 കെഎസ്ആർപിമാർ, 5 എസ്പിമാർ, 1000-ത്തിലേറെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് വെള്ളിയാഴ്ച വി.എച്ച്.പി ആഹ്വാനം ചെയ്‌ത മംഗളൂരു ബന്ദിനെ തുടർന്ന് പലയിടങ്ങളിലും അക്രമസംഭവങ്ങൾ ഉണ്ടായി.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News