ചൈന അരുണാചൽ അതിര്‍ത്തിയിൽ നിര്‍മിക്കുന്ന അണക്കെട്ട് ഇന്ത്യക്ക് നേരെയുള്ള 'ജല ബോംബ്'; മുഖ്യമന്ത്രി പെമ ഖണ്ഡു

"ചൈനയെ വിശ്വസിക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം. അവർ എന്തുചെയ്യുമെന്ന് ആർക്കും അറിയില്ല," ഖണ്ഡു അഭിമുഖത്തിൽ പറഞ്ഞു.

Update: 2025-07-09 10:55 GMT
Editor : Jaisy Thomas | By : Web Desk

ഇറ്റാനഗര്‍: അരുണാചൽ പ്രദേശ് അതിർത്തിക്ക് സമീപം ചൈന നിർമിക്കുന്ന മെഗാ അണക്കെട്ട് ഇന്ത്യക്ക് നേരെയുള്ള 'ജല ബോംബ്' ആയിരിക്കുമെന്നും അത് നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുമെന്നും മുഖ്യമന്ത്രി പെമ ഖണ്ഡു.

യാർലുങ് സാങ്‌പോ നദിയിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതി (ബ്രഹ്മപുത്ര നദിയുടെ ടിബറ്റൻ പേര്) ഗുരുതരമായ ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പെമ ഖണ്ഡു പറഞ്ഞു. അന്താരാഷ്ട്ര ജല ഉടമ്പടിയിൽ ചൈന ഒപ്പുവെച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാൻ ചൈന നിർബന്ധിതരാകുമായിരുന്നു."ചൈനയെ വിശ്വസിക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം. അവർ എന്തുചെയ്യുമെന്ന് ആർക്കും അറിയില്ല," ഖണ്ഡു അഭിമുഖത്തിൽ പറഞ്ഞു.

Advertising
Advertising

"ചൈനയിൽ നിന്നുള്ള സൈനിക ഭീഷണി മാറ്റിനിർത്തിയാൽ, ഇത് മറ്റെന്തിനെക്കാളും വലിയ ഒരു പ്രശ്നമാണെന്ന് എനിക്ക് തോന്നുന്നു. ഇത് നമ്മുടെ ഗോത്രങ്ങൾക്കും നമ്മുടെ ഉപജീവന മാർഗത്തിനും ഒരു നിലനിൽപ്പിന് ഭീഷണിയാകാൻ പോകുന്നു. ഇത് വളരെ ഗുരുതരമാണ്, കാരണം ചൈനയ്ക്ക് ഇത് ഒരുതരം 'വാട്ടർ ബോംബ്' ആയി പോലും ഉപയോഗിക്കാം," അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ജല പങ്കിടൽ കരാറുകളിൽ ചൈന ഒപ്പുവച്ചിരുന്നെങ്കിൽ, അരുണാചൽ പ്രദേശ്, അസം, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വേനൽക്കാല വെള്ളപ്പൊക്കം തടയാമായിരുന്നതിനാൽ ഈ പദ്ധതി ഒരു അനുഗ്രഹമാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. "പക്ഷേ ചൈന ഒപ്പുവെച്ചിട്ടില്ല, അതാണ് പ്രശ്നം... അണക്കെട്ട് പണിയുകയും അവർ പെട്ടെന്ന് വെള്ളം തുറന്നുവിടുകയും ചെയ്താൽ, നമ്മുടെ സിയാങ് ബെൽറ്റ് മുഴുവൻ നശിപ്പിക്കപ്പെടും. പ്രത്യേകിച്ച്, ആദി ഗോത്രവും അതുപോലുള്ള ഗ്രൂപ്പുകളും... അവരുടെ എല്ലാ സ്വത്തുക്കളും ഭൂമിയും പ്രത്യേകിച്ച് മനുഷ്യജീവിതവും വിനാശകരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് വിശദീകരിച്ചു.

കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം, സിയാങ് അപ്പർ മൾട്ടി പർപ്പസ് പ്രോജക്റ്റ് എന്ന പേരിൽ ഒരു പദ്ധതി സംസ്ഥാന സർക്കാർ ആരംഭിച്ചതായി അരുണാചൽ മുഖ്യമന്ത്രി പിടിഐയോട് പറഞ്ഞു. ഇത് ഒരു പ്രതിരോധ സംവിധാനമായി പ്രവർത്തിക്കുകയും ജലസുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. "ചൈന ഒന്നുകിൽ തുടങ്ങാൻ പോകുകയാണ് അല്ലെങ്കിൽ അവര്‍ തുടങ്ങിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.പക്ഷേ അവർ ഒരു വിവരവും പങ്കിടുന്നില്ല. ദീർഘകാലാടിസ്ഥാനത്തിൽ, അണക്കെട്ട് പൂർത്തിയായാൽ, നമ്മുടെ സിയാങ്, ബ്രഹ്മപുത്ര നദികൾ ഗണ്യമായി വറ്റിപ്പോയേക്കാം'' ഖണ്ഡു കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും ചൈനയുടെ ജലവൈദ്യുത പദ്ധതി നിർമിക്കാനുള്ള പദ്ധതികളും ഉൾപ്പെടെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മാർച്ചിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

2021-ൽ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്‍റെ അതിർത്തി പ്രദേശ സന്ദർശനത്തെ തുടർന്നാണ് യാർലുങ് സാങ്‌പോ അണക്കെട്ട് പദ്ധതി പ്രഖ്യാപിച്ചത്. 2024ൽ ചൈന അഞ്ച് വർഷത്തെ 137 ബില്യൺ ഡോളർ പദ്ധതിക്ക് അംഗീകാരം നൽകിയതായി റിപ്പോർട്ടുണ്ട്. ഇത് 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. പരിസ്ഥിതി ലോലമായ ഹിമാലയൻ പ്രദേശത്താണ് ഈ പദ്ധതി . ഭൂകമ്പ സാധ്യതയുള്ള സ്ഥലത്താണ് ചൈനയുടെ അണക്കെട്ട് പദ്ധതിയെന്നതും ആശങ്കയുളവാക്കുന്നുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News