കെജ്‌രിവാൾ ഇന്ന് ജയിൽമോചിതനാകും; ആഘോഷമാക്കാൻ പാർട്ടി

ജാമ്യ ഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

Update: 2024-06-21 04:33 GMT

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ നിന്ന് ഇന്ന് പുറത്തിറങ്ങും. ഡൽഹി റൗസ് അവന്യൂ കോടതിയാണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ബോണ്ട് തുക കെട്ടിവയ്ക്കുന്നതോടെ കെജ്‌രിവാൾ ജയിൽമോചിതനാകും.

ജാമ്യ ഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ.ഡി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം തടസപ്പെടുത്താനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെടുമ്പോഴെല്ലാം കോടതിയിൽ ഹാജരാവാനും അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Advertising
Advertising

മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കാലയളവിൽ ഇടക്കാല ജാമ്യം ലഭിച്ചിരുന്ന അദ്ദേഹം ജൂൺ രണ്ടിന് തിരികെ ജയിലിൽ എത്തിയിരുന്നു. മെയ് 10നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രിംകോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് വീണ്ടും ജയിലിലേക്ക് മടങ്ങണമെന്നായിരുന്നു നിർദേശം. അസുഖങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും ഇടക്കാല ജാമ്യത്തിന് ശ്രമിച്ചെങ്കിലും അപേക്ഷ ജൂൺ അഞ്ചിന് വിചാരണ കോടതി തള്ളിയിരുന്നു.

അറസ്റ്റിലായി മൂന്നു മാസം തികയുമ്പോഴാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കുന്നത്. മദ്യ ലൈസൻസ് ലഭിക്കാൻ അരവിന്ദ് കെജ്‌രിവാൾ 100 കോടി കോഴ ചോദിച്ചെന്ന് ഇന്നലെ ഇ.ഡി കോടതിയിൽ ആവർത്തിച്ചിരുന്നു. ഇതോടെ പ്രതീക്ഷ മങ്ങിയെങ്കിലും വൈകിട്ട് ഏഴുമണി കഴിഞ്ഞ്, ജാമ്യം നൽകുകയാണ് എന്ന വിവരം കോടതി അറിയിക്കുകയായിരുന്നു.

അതേസമയം, കെജ്‌രിവാളിന്റെ ജയിൽ മോചനം വലിയ ആഘോഷമാക്കാനൊരുങ്ങുകയാണ് ആം ആദ്മി പാർട്ടി പ്രവർത്തകർ. പാർട്ടി ആസ്ഥാനത്തടക്കം ആഘോഷം സംഘടിപ്പിക്കാനാണ് തീരുമാനം. ജാമ്യം കിട്ടിയ ഉടൻ തന്നെ ഇന്നലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പ്രവർത്തകർ ബാൻ‍ഡ് മേളങ്ങളുടെ അകമ്പടിയോടെ ആഹ്ലാദപ്രകടനം നടത്തിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News