ഇനി വെള്ളിയാഴ്ച സന്ദര്‍ശനം വേണ്ട; ആര്യന്‍ ഖാന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

ഇനി എല്ലാ ആഴ്ചയും മുംബൈ എൻ.സി.ബി ഓഫീസില്‍ ഹാജരാകേണ്ട

Update: 2021-12-15 10:40 GMT
Advertising

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യൻ ഖാന് ജാമ്യവ്യവസ്ഥയിൽ ഇളവ്. ഇനി മുംബൈ എൻ.സി.ബി ഓഫീസില്‍ ആഴ്ചയിൽ ഹാജരാകേണ്ട. ഡൽഹിയിലെ അന്വേഷണ സംഘം വിളിപ്പിക്കുമ്പോള്‍ ഹാജരായാൽ മതി. ബോംബെ ഹൈക്കോടതിയാണ് ആര്യന് ഇളവ് അനുവദിച്ചത്.

നേരത്തെ എല്ലാ വെള്ളിയാഴ്ചയുമാണ് മുംബൈ എന്‍സിബി ഓഫീസില്‍ ആര്യന്‍ ഖാന്‍ ഹാജരാകേണ്ടിയിരുന്നത്. ഇനി പ്രത്യേക അന്വേഷണസംഘം വിളിപ്പിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഹാജരാകണമെന്ന് ആര്യന്‍ ഖാനോട് കോടതി നിര്‍ദേശിച്ചു.

എല്ലാ വെള്ളിയാഴ്‌ചയും താന്‍ എന്‍സിബി ഓഫിസിലേക്ക് പോകുമ്പോള്‍ മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി പിന്തുടരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ അനുഗമിക്കേണ്ടിവരുന്നു. കേസിന്റെ അന്വേഷണം ഡൽഹിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിനാല്‍ മുംബൈയിലെ ഓഫീസിലെത്തി എല്ലാ ആഴ്ചയും ഒപ്പുവെയ്ക്കണമെന്ന നിബന്ധനയില്‍ ഇളവു നല്‍കണമെന്ന് ആര്യന്‍ ഖാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.

മുംബൈയില്‍ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ റെയ്ഡിന് പിന്നാലെ ഒക്‌ടോബർ 3നാണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. നിരോധിത മയക്കുമരുന്ന് കൈവശം വയ്ക്കൽ, ഉപയോഗം, വിൽപ്പന, വാങ്ങൽ തുടങ്ങിയ കുറ്റങ്ങളാണ് ആര്യന്‍ ഖാനെതിരെ ചുമത്തിയത്. അറസ്റ്റ് ചെയ്ത് മൂന്നാഴ്ചക്ക് ശേഷം ഒക്ടോബർ 28നാണ് ബോംബെ ഹൈക്കോടതി ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്.

ആര്യനും സുഹൃത്ത് അർബാസ് മെർച്ചന്റും മോഡൽ മുൻമുൻ ധമേച്ചയും തമ്മിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. വാട്സ് ആപ്പ് ചാറ്റുകളില്‍ നിന്നും അനധികൃത മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് തെളിവ് കിട്ടിയെന്നായിരുന്നു എന്‍സിബിയുടെ വാദം. എന്നാല്‍ ആര്യനില്‍ നിന്നും റെയ്ഡിനിടെ മയക്കുമരുന്ന് പിടികൂടിയിട്ടില്ലെന്നും എന്‍സിബി പിന്നീട് കോടതിയില്‍ പറയുകയുണ്ടായി.

അതിനിടെ ആര്യന്‍റെ അറസ്റ്റിലേക്ക് നയിച്ച റെയ്ഡിന് നേതൃത്വം നല്‍കിയ സമീര്‍ വാങ്കഡെക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നു. ആര്യനെ കേസില്‍ കരുക്കുമെന്ന് പറഞ്ഞ് ഷാരൂഖില്‍ നിന്നും പണം തട്ടാന്‍ ഗൂഢാലോചന നടന്നുവെന്നും സമീറും ആ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് സമീറിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുകയും അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News