ബംഗളൂരു സ്​ഫോടനം: ഐക്യദാർഢ്യവുമായി രാമേശ്വരം കഫേ സന്ദർശിച്ച് ഉവൈസി

‘രാമേശ്വരം കഫേ സ്ഫോടനം ഭീരുത്വവും ഇന്ത്യൻ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണവുമാണ്’

Update: 2024-03-03 04:41 GMT
Advertising

ഹൈദരാബാദ്: ആൾ ഇന്ത്യ മജ്‍ലിസ് ഇത്തിഹാദുൽ മുസ്‍ലിമീൻ പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി എം.പി ശനിയാഴ്ച ഹൈദരാബാദിലെ രാമേശ്വരം കഫേ സന്ദർശിച്ചു. ബംഗളൂരുവിലെ കഫേയിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. സ്ഫോടനത്തെ അപലപിച്ച ഉവൈസി, ഇത്തരം പ്രവർത്തനങ്ങൾ ഭീരുത്വവും ഇന്ത്യയുടെ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും വ്യക്തമാക്കി.

‘ഐക്യദാർഢ്യവുമായി ഹൈദരാബാദിലെ രാമേശ്വരം കഫേ സന്ദർശിച്ചു. ഭക്ഷണം ഏ​റെ മനോഹരമാണ്. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മസ്ഥലത്തിന്റെ പേരാണ് കഫേക്ക് നൽകിയിരിക്കുന്നത് എന്നത് ഓർത്തിരിക്കൽ പ്രധാനമാണ്. രാമേശ്വരം കഫേ സ്ഫോടനം ഭീരുത്വവും ഇന്ത്യൻ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണവുമാണ്’ -കഫേ സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ച് ഉവൈസി എക്സിൽ കുറിച്ചു.

ബംഗളൂരു വൈറ്റ്​ഫീൽഡിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സ്ഫോടനമുണ്ടായത്. കുറഞ്ഞ തീവ്രതയുള്ള സ്ഫോടന വസ്തുവാണ് ഉപയോഗിച്ചത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.

ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളെ ഉടൻ തിരിച്ചറിയാൻ സാധിക്കുമെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കുകയും അവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

അതേസമയം, മഹാശിവരാത്രി ദിനമായ മാർച്ച് എട്ടിന് കഫേ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്ന് രാമേശ്വരം കഫേ സ്ഥാപകനും സി.ഇ.ഒയുമായ രാഘവേന്ദ്ര റാവു പറഞ്ഞു. ‘വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. അടുത്ത വെള്ളിയാഴ്ച ശിവരാത്രി ദിനത്തിൽ രാമേശ്വരം കഫേ പുനർജനിക്കും. പരിക്കേറ്റ ആളുകൾക്ക് എന്റെ ശക്തമായ പിന്തുണയുണ്ട്. ഞങ്ങൾ അവരുടെ കുടുംബത്തോടൊപ്പമുണ്ടെന്ന് പറയാൻ ആഗ്രഹിക്കുകയാണ്’ -രാഘവേന്ദ്ര റാവു വ്യക്തമാക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News