ശശി തരൂരിന് വോട്ട് ചെയ്തവര്‍ ബി.ജെ.പിയിലെത്തുമെന്ന് അസം മുഖ്യമന്ത്രി; മറുപടിയുമായി തരൂര്‍

പോരാടാൻ ധൈര്യമില്ലാത്തവർ മാത്രമേ ബി.ജെ.പിയിലേക്ക് പോകൂ എന്നാണ് ശശി തരൂരിന്റെ മറുപടി.

Update: 2022-11-13 02:44 GMT

ഡല്‍ഹി: കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബി.ജെ.പിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ ശർമ. പോരാടാൻ ധൈര്യമില്ലാത്തവർ മാത്രമേ ബി.ജെ.പിയിലേക്ക് പോകൂ എന്നാണ് ശശി തരൂരിന്റെ മറുപടി.

"കോൺഗ്രസിലെ ആഭ്യന്തര തെരഞ്ഞെടുപ്പിന്‍റെ ഫലം വോട്ടെണ്ണലിന് മുമ്പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. കോൺഗ്രസിലെ ജനാധിപത്യവാദികള്‍ 1000 പേര്‍ മാത്രമാണ്. അവര്‍ ശശി തരൂരിന് വോട്ട് ചെയ്യാനുള്ള ധൈര്യം കാണിച്ചു. അവർ ഉടൻ തന്നെ ബി.ജെ.പിയിൽ ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"- എന്നാണ് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞത്.

Advertising
Advertising

പിന്നാലെ മറുപടിയുമായി ശശി തരൂർ തന്നെ രം​ഗത്തെത്തി- "ധൈര്യമുള്ളവർ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. പോരാടാൻ ധൈര്യമില്ലാത്തവർ പോകാനുള്ള പ്രവണത കാണിച്ചേക്കാം".

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന്‍റെ സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിജയിച്ചത്. ഒക്ടോബർ 17നായിരുന്നു തെരഞ്ഞെടുപ്പ്. ഖാര്‍ഗെയ്ക്ക് 7897 വോട്ടും തരൂരിന് 1072 വോട്ടുമാണ് ലഭിച്ചത്. രാജ്യത്ത് ജനാധിപത്യം അപകടത്തിലായിരിക്കുന്ന സമയത്ത് സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. രാജ്യത്തിന്‍റെ 75 വർഷത്തെ ചരിത്രത്തിൽ കോൺഗ്രസ് തുടർച്ചയായി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ഭരണഘടനയെ സംരക്ഷിക്കുകയും ചെയ്‌തിട്ടുണ്ടെന്നും വിജയിച്ച ശേഷം അദ്ദേഹം പറഞ്ഞു.

ഖാർഗെയുടെ വിജയത്തിൽ അഭിനന്ദനവുമായി തരൂർ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു എന്നായിരുന്നു കൂടിക്കാഴ്ചയെ കുറിച്ചുള്ള ഖാര്‍ഗെയുടെ പ്രതികരണം. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News