അസമിൽ പശു മോഷണം ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

Update: 2026-05-24 12:37 GMT

ഗുവാഹതി: അസമിലെ സോനിത്പൂർ ജില്ലയിൽ പശു മോഷണമാരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള വിദൂര ഗ്രാമമായ ഭാലുക്‌പോംഗിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൊറിഗാവ് ജില്ലയിൽ നിന്നുള്ള ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 3:30 ഓടെ ഒരു സംഘം ആളുകൾ ഗ്രാമത്തിൽ പ്രവേശിച്ച് മൂന്ന് പശുക്കളെ മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് സോനിത്പൂർ എസ്എസ്പി ബരുൺ പുർകായസ്ത പറയുന്നത്. മോഷണശ്രമം ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ ഇവരെ പിന്തുടർന്ന് പിടികൂടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മോഷണം പോയെന്ന് പറയുന്ന പശുക്കളെയും ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

Advertising
Advertising

സംഭവത്തിൽ പശു മോഷണത്തിനും ആൾക്കൂട്ട കൊലപാതകത്തിനും പൊലീസ് രണ്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കൊലപാതകക്കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിൽ നിരവധി ഗ്രാമവാസികൾ പങ്കെടുത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊലീസിന്റെ വാദം. കൂടാതെ, സംഭവം നടന്നത് ഉൾക്കാട്ടിലെ വിദൂര പ്രദേശത്തായതിനാൽ സിസിടിവി ദൃശ്യങ്ങളോ മറ്റ് നിരീക്ഷണ സംവിധാനങ്ങളോ ലഭ്യമല്ലാത്തത് പ്രതികളെ തിരിച്ചറിയുന്നതിന് തടസമാകുന്നുണ്ടെന്നും പൊലീസ് പറയുന്നു.

കന്നുകാലി കടത്തിനെതിരെ സംസ്ഥാനം 'സീറോ ടോളറൻസ്' (വിട്ടുവീഴ്ചയില്ലാത്ത) നയമാണ് സ്വീകരിക്കുന്നതെന്ന് സംഭവം നടക്കുന്നതിന് തലേദിവസം (വ്യാഴാഴ്ച), അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രസ്താവിച്ചിരുന്നു. ജനുവരി മുതൽ ഇതുവരെ 850 ലധികം കന്നുകാലി കള്ളന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 2,980 കിലോഗ്രാമിലധികം ബീഫ് പിടിച്ചെടുത്തതായും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബലിപെരുന്നാൾ പ്രമാണിച്ചു അധികൃതർ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.

അസമിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങളും കപട 'പശു സംരക്ഷണ' പ്രവണതകളും വീണ്ടും ശക്തമാകുന്നതിനിടയിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ വെറുമൊരു ക്രമസമാധാന പ്രശ്‌നമല്ലെന്നും, മറിച്ച് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെടുന്നതാണെന്നും രാഷ്ട്രീയ നിരീക്ഷകർ കുറ്റപ്പെടുത്തുന്നു. കന്നുകാലി വ്യാപാരം, ഗതാഗതം, ബീഫ് ഉപഭോഗം എന്നിവയുടെ പേരിൽ മുസ്‌ലിംകൾ നിരന്തരം ലക്ഷ്യം വെക്കപ്പെടുന്നുണ്ടെന്നും, ആൾക്കൂട്ട അക്രമങ്ങളിൽ പൊലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വവും പ്രതികൾക്ക് വേഗത്തിൽ ജാമ്യം ലഭിക്കുന്നതും ആശങ്കാജനകമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും പ്രതിപക്ഷ സംഘടനകളും ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News