തറാവീഹ് നമസ്‌കാരത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം; ലജ്ജാവഹമായ സംഭവമെന്ന് ഉവൈസി

ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

Update: 2024-03-17 11:40 GMT
Advertising

ഗാന്ധിനഗര്‍: ഗുജറാത്ത് സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ നമസ്‌കരിക്കുന്നതിനിടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ഹൈദരാബാദ് എം.പിയും ആള്‍ ഇന്ത്യ മജ്‌ലിസേ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ തലവനുമായ അസദുദ്ദീന്‍ ഉവൈസി. നടന്നത് ലജ്ജാവഹമായ സംഭവമെന്ന് ഉവൈസി പറഞ്ഞു.

'ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഒരു സംഘം ആളുകള്‍ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ആക്രമിച്ചു. മുസ്ലിംകള്‍ സമാധാനപരമായി മതാചാരങ്ങള്‍ നടത്തുമ്പോള്‍ മാത്രമാണോ ഭക്തിമുദ്രാവാക്യങ്ങള്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും സ്വന്തം സംസ്ഥാനത്ത് നടന്ന ഈ സംഭവത്തില്‍ പ്രതികരിക്കുമോയെന്നും'ഉവൈസി ചോദിച്ചു.

സംഭവം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും മുസ്ലീം വിരുദ്ധ വിദ്വേഷം ഇന്ത്യയുടെ നല്ല മനസ്സിനെ നശിപ്പിക്കുന്നതായും ഉവൈസി എക്‌സില്‍ എഴുതി.

അക്രമികള്‍ രക്ഷപ്പെട്ടതിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ജയ് ശ്രീറാം എന്ന് വിളിച്ച് മതമൗലികവാദികള്‍ ഹോസ്റ്റലിനുള്ളില്‍ പ്രാര്‍ത്ഥന നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ അക്രമിച്ചു. ശക്തമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണിതെന്ന് ജേര്‍ണലിസ്റ്റ് റാണ അയ്യൂബ് എക്‌സില്‍ സംഭവത്തെ വിമര്‍ശിച്ചു.

ക്യാമ്പസില്‍ പള്ളിയില്ലാത്തതുകൊണ്ട് അഡ്മിനിസ്‌ട്രേഷന്റെ അനുമതി പ്രകാരം ഹോസ്റ്റല്‍ മുറിയില്‍ തറാവീഹ് നമസ്‌കാരം നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. പെട്ടന്ന് മുറിയിലേക്ക് കത്തിയും വടികളുമായി ഒരു കൂട്ടം ആളുകള്‍ ഇരച്ചുകയറി തങ്ങളെ ആക്രമിക്കുകയും മുറികള്‍ നശിപ്പിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സെക്യൂരിട്ടി തടഞ്ഞെങ്കിലും വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 പേര്‍ക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി അഹമ്മദാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ ജി.എസ് മാലിക് അറിയിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News