'ആര്യൻ ഖാനെ കുടുക്കാൻ ശ്രമം നടന്നിരുന്നു'; റിപ്പോർട്ടുകൾ പുറത്ത്

'കൃത്യമായ നടപടിക്രമങ്ങളില്ലാതെയാണ് ആര്യന്റെ ഖാന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്തതും വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തിയതും'

Update: 2022-05-28 10:30 GMT
Advertising

മുംബൈ: മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനെ കുടുക്കാനുള്ള ശ്രമം നടന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേസിൽ 14 പ്രതികളെ ഉൾപെടുത്തിയായിരുന്നു അന്വേഷണം. 6000 പേജുള്ള കുറ്റപത്രത്തിൽ ആര്യന്റെ പേര്  പരാമർശിച്ചിരുന്നില്ല. കൃത്യമായ നടപടിക്രമങ്ങളില്ലാതെയാണ് ആര്യന്റെ ഖാന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്തതെന്നും വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തിയെന്നും റിപ്പോർട്ടുകളുണ്ട്. വാട്ട്സ്ആപ്പ് ചാറ്റുകൾ തെളിവുകളായി ഉപയോഗിക്കുന്നതിനെ കുറിച്ച് സുപ്രിംകോടതി തന്നെ വിലയിരുത്തിയിട്ടുണ്ട്.

എൻസിബിയുടെ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു കേസിന്റെ പ്രാഥമിക അന്വേഷണ ചുമതല. ആര്യൻ ഖാൻ 22 ദിവസം ജയിലിൽ കിടന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല റെയ്ഡ് നടന്നതെന്ന് ആരോപണം ഉയർന്നതോടെ സമീർ വാങ്കഡെയെ അന്വേഷണത്തിൽ നിന്ന് മാറ്റി.

വാങ്കഡെ ആര്യൻ ഖാനെ കുടുക്കാൻ ശ്രമിച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. തുടർന്നുണ്ടായ വിവാദങ്ങൾക്കിടെയാണ് കേസിന്റെ അന്വേഷണം പരിശോധിക്കാൻ എൻസിബി പ്രത്യേക സംഘത്തിന് രൂപം നൽകിയത്.

പ്രാഥമിക അന്വേഷണത്തിൽ നടപടിക്രമങ്ങളിൽ  അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയ എൻസിബി മേധാവി എസ്.എൻ പ്രധാൻ കേസിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിൽ കേസിൽ അപാകതകൾ കണ്ടെത്തുകയും അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ ഇങ്ങനെ സംഭവിക്കുമെന്നും എസ്.എൻ പ്രധാൻ പറഞ്ഞു.

തുടർന്ന് ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും കുറ്റം ചുമത്താൻ തെളിവില്ലെന്നും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ ക്ലീൻചീറ്റ് നൽകുകയായിരുന്നു. ഷാരൂഖ് ഖാന് ആശ്വാസമായി എന്നാണ് ആര്യൻ ഖാനു വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞത്. ആത്യന്തികമായി സത്യം ജയിച്ചു. ആര്യനെതിരെ കുറ്റം ചുമത്താനോ അറസ്റ്റ് ചെയ്യാനോ ഒരു തെളിവുമില്ലായിരുന്നു. ആര്യനിൽ നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ല. തെറ്റ് സമ്മതിച്ചുകൊണ്ട് എൻ.സി.ബി പ്രൊഫഷണലായി പ്രവർത്തിച്ചതിൽ സന്തോഷമുണ്ടെന്നും മുകുൾ റോത്തഗി പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാർകോടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ മുംബൈ തീരത്തു നിന്ന് പുറപ്പെട്ട കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ലഹരിപ്പാർട്ടി നടക്കുന്നു എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്ന് എൻ.സി.ബി അറിയിച്ചു.

റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ല എന്നതായിരുന്നു പ്രധാന പിഴവ്. ആര്യൻ ഖാന് ലഹരിക്കടത്ത് സംഘവുമായി ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കുറ്റപത്രത്തിൽ വ്യക്തമാക്കി. ആര്യൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ തെളിവില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News